നിരവധി നവാബുമാരും ബീഗങ്ങളും വാണ ഭോപാലിലാണ് മധ്യപ്രദേശിലെ മുസ്ലിംകളിൽ നല്ലൊരു ശതമാനം ഇപ്പോഴും ജീവിക്കുന്നത്. ഭോപാൽ നഗരത്തിലെ അഞ്ച് സീറ്റുകളിൽ ജയപരാജയം നിർണയിക്കുന്നത് മുസ്ലിംകളാണ്. 2011ലെ സെൻസസ് പ്രകാരം ഏഴരക്കോടി ജനങ്ങളുള്ള മധ്യപ്രദേശിൽ ഏഴ് ശതമാനത്തിനടുത്താണ് മുസ്ലിം വോട്ടർമാർ.
എന്നിട്ടും മധ്യപ്രദേശിൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും നിയമസഭയിൽ മുസ്ലിം പ്രാതിനിധ്യം കുറയുകയാണ്. ഇത്തവണ 230 അംഗ നിയമസഭയിൽ കോൺഗ്രസ് സ്ഥാനാർഥികളാക്കിയത് ഭോപാലിലെ രണ്ട് സിറ്റിങ് എം.എൽ.എമാരെമാത്രം.
എന്നാൽ, 1985ലെ തെരഞ്ഞെടുപ്പിൽ ഏഴ് മുസ്ലിം എം.എൽ.എമാർ ജയിച്ചുവന്ന നിയമസഭയിൽ ദിഗ്വിജയ് സിങ് ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിയ 1993ൽ മുസ്ലിം പ്രാതിനിധ്യം പൂജ്യമായി. 2008ലും 2013ലും ഓരോ എം.എൽ.എമാരിൽ മുസ്ലിം പ്രാതിനിധ്യമൊതുങ്ങി. ആരിഫ് മസൂദും ആരിഫ് അഖീലും കോൺഗ്രസ് ടിക്കറ്റിൽ നിയമസഭയിലെത്തിയ 2019ൽ 230 അംഗസഭയിലെ പ്രാതിനിധ്യം രണ്ടാണ്.
ജനസംഖ്യാനുപാതിക പ്രാതിനിധ്യം നോക്കിയാൽ സംസ്ഥാനത്ത് 16 മുസ്ലിം എം.എൽ.എമാരെങ്കിലും വേണം. 25 മണ്ഡലങ്ങളിൽ ജയപരാജയം നിർണയിക്കാൻ മുസ്ലിം വോട്ടർമാർക്കാവും. എന്നാൽ, കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നേർക്കുനേർ മത്സരം മുറുകിയതോടെ മുസ്ലിം പ്രാതിനിധ്യം കുറയുക മാത്രമല്ല, സമുദായത്തിന്റെ പ്രശ്നങ്ങളും ആവലാതികളും മധ്യപ്രദേശിൽ ഒരു തെരഞ്ഞെടുപ്പ് വിഷയമേ അല്ലാതായിരിക്കുന്നു.
മുസ്ലിംകളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് ഇത്തരത്തിൽ അദൃശ്യരാക്കിയതിന് ഉത്തരവാദികളാരാണെന്ന് ചോദിച്ചാൽ ഭോപാൽ മുസ്ലിംകളിൽ ഭൂരിഭാഗവും കുറ്റപ്പെടുത്തുന്നത് കോൺഗ്രസിനെയാണ്. ബുർഹാൻപുർപോലെ മുസ്ലിംകൾ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽപോലും ആ സമുദായത്തിൽനിന്നൊരാളെ നിർത്താൻ കോൺഗ്രസ് തയാറാകുന്നില്ല.
2002ൽ കോൺഗ്രസ് അധികാരത്തിലിരിക്കേ നടത്തിയ മണ്ഡല പുനർനിർണയവും മുസ്ലിം പ്രാതിനിധ്യം കുറക്കുന്നതിൽ വലിയ പങ്കുവഹിച്ചുവെന്നും ഭോപാലിലെ മുസ്ലിം നേതാക്കളും വോട്ടർമാരും ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിലെ ജയപരാജയം മുസ്ലിം വോട്ടർമാർ നിർണയിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 25 ആയി ചുരുങ്ങിയത് അതിന് ശേഷമാണ്.
മുസ്ലിംകളോടുള്ള പാർട്ടിയുടെ സമീപനം ഹൃദയത്തിൽനിന്നുള്ളതല്ലെന്ന് പറയുന്നത് മുൻ ഹോക്കി താരവും മുൻ കോൺഗ്രസ് എം.പിയുമായ അസ്ലം ഷേർ ഖാൻ ആണ്. കോൺഗ്രസിലെ നിരവധി ബ്രാഹ്മണ, രജ്പുത് നേതാക്കൾ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കാനാഗ്രഹിക്കുന്നു. അരലക്ഷത്തിന് മുകളിൽ മുസ്ലിം വോട്ടർമാരുള്ള മണ്ഡലങ്ങളാണെങ്കിൽ തങ്ങൾക്ക് ജയമുറപ്പാണെന്ന് ഈ ബ്രാഹ്മണ രജ്പുത് നേതാക്കൾക്കറിയാമെന്ന് ഷേർഖാൻ ചൂണ്ടിക്കാട്ടി.
മുസ്ലിം വോട്ട് കോൺഗ്രസ് അങ്ങോട്ട് ഉറപ്പിച്ചിരിക്കുകയാണെന്ന് പഴയകാല കോൺഗ്രസ് നേതാവ് അസീസ് ഖുറൈശി വിമർശിക്കുന്നു. 1972 തൊട്ട് എ.ഐ.സി.സി അംഗവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഖുറൈശി മുസ്ലിംകൾ അടിമകളാണെന്ന് കോൺഗ്രസ് കരുതരുതെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു.
എന്നാൽ, ഈ വിമർശിക്കുന്ന പഴയകാല കോൺഗ്രസ് നേതാക്കൾ മന്ത്രിയും എം.പിയുമൊക്കെയായപ്പോൾ സമുദായത്തിനു വേണ്ടി എന്തു ചെയ്തുവെന്നാണ് മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് അബ്ബാസ് ഹഫീസ് ചോദിക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരു ടിക്കറ്റ് കിട്ടണമെന്നതിൽ കവിഞ്ഞ് ഈ നേതാക്കൾക്ക് മറ്റൊരാവശ്യവും ഉന്നയിക്കാനില്ലെന്ന് അബ്ബാസ് ഹഫീസ് കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ ഈ ഔദ്യോഗിക ഭാഷ്യത്തോട് മുതിർന്ന മാധ്യമപ്രവർത്തകൻ റശീദ് കിദ്വായി യോജിക്കുന്നില്ല. ബി.ജെ.പി ഭരിക്കുന്നതോ അവർക്ക് സ്വാധീനമുള്ളതോ ആയ സംസ്ഥാനങ്ങളിൽ മാത്രമല്ല, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും മുസ്ലിം സ്ഥാനാർഥികൾക്ക് സീറ്റ് നൽകാറില്ലെന്ന് റശീദ് കിദ്വായി ചൂണ്ടിക്കാട്ടി.
വല്ല സംസ്ഥാനങ്ങളിലും മുസ്ലിം എം.എൽ.എയെ മന്ത്രിയാക്കിയാൽ അവർക്ക് വഖഫ്, ന്യൂനപക്ഷ ക്ഷേമം പോലെ ഏതെങ്കിലും വകുപ്പുകളാണ് നൽകുക. ആഭ്യന്തര, ധന, പൊതുഭരണ വകുപ്പുകൾ പോലെ പ്രസക്തമായവയൊന്നും നൽകില്ലെന്നും റശീദ് കിദ്വായി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.