സമീർ വാങ്കഡെയുടെ സഹോദരിയും മയക്കുമരുന്ന്​ കച്ചവടക്കാരനും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റ്​ പുറത്തുവിട്ട്​ നവാബ്​ മാലിക്​

മുംബൈ: എൻ.സി.ബി സോണൽ ഡയരക്​ടർ സമീർ വാങ്കഡെക്കെതിരായ യുദ്ധം കടുപ്പിച്ച്​ മഹാരാഷ്​ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ്​ മാലിക്​. മയക്കുമരുന്ന്​ കച്ചവടക്കാരനും സമീർ വാങ്കഡെയുടെ സഹോദരി യാസ്​മിൻ വാങ്കഡെയും തമ്മിൽ നടത്തിയ വാട്​സ്​ആപ്പ്​ സംഭാഷണത്തിന്‍റെ സ്​​ക്രീൻഷോട്ട്​ മന്ത്രി പുറത്തുവിട്ടു.

മഹാരാഷ്​ട്രയിൽ ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്​നാവിസ്​ അധികാരത്തിലിരുന്ന കാലത്ത്​ കോടികൾ പൊടിച്ച്​ നടത്തിയ പാർട്ടികളെ കുറിച്ചും നവാബ്​ മാലിക്​ ചൂണ്ടുവിരൽ ഉയർത്തുന്നുണ്ട്​. ട്വിറ്ററിലൂടെയായിരുന്നു നവാബ്​ മാലിക്​ സ്​​ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്​.

എന്നാൽ നവാബ്​ മാലിക്കിന്‍റെ ആരോപണങ്ങൾ സമീർ നിഷേധിച്ചു. അഭിഭാഷകയായ തന്‍റെ സഹോദരിയെ മയക്കുമരുന്ന് കച്ചവടക്കാരൻ സമീപിച്ചിരുന്നുവെന്നും എന്നാൽ നാർകോടിക്​സ്​ കേസുകൾ ഏറ്റെടുക്കാത്തതിനാൽ അവർ നിരസിച്ചുവെന്നും വാങ്കഡെ പറഞ്ഞു. ഈ വർഷം ആദ്യം പോലീസിൽ വ്യാജ പരാതി നൽകി തന്നെയും കുടുംബത്തെയും കുടുക്കാൻ സൽമാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഒന്നും പുറത്തുവന്നില്ലെന്നും സമീർ വാങ്കഡെ അവകാശപ്പെട്ടു.

കോടികൾ തട്ടിയെടുക്കുന്ന സമീർ സത്യസന്ധനായ ഉദ്യോഗസ്ഥന് താങ്ങാനാകാത്ത വിധം വിലകൂടിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായി​ നവാബ്​ മാലിക്ക്​ ആരോപിച്ചിരുന്നു​.

70,000 രൂപ വിലവരുന്ന ഷർട്ടും ലക്ഷം രൂപയുടെ പാന്‍റും 25-30 ലക്ഷം രൂപ വിലവരുന്ന വാച്ചുകളുമാണ്​ സമീർ വാങ്കഡെ ഉപയോഗിക്കുന്നതെന്നാണ്​ നവാബ്​ മാലിക്​ പറയുന്നു​. 'സത്യസന്ധനുമായ ഒരു ഉദ്യോഗസ്ഥന് ഇത്രയും വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാൻ എങ്ങനെ കഴിയും' -മന്ത്രി ചോദിക്കുന്നു. ആളുകളെ തെറ്റായി ചിത്രീകരിക്കുകയും കേസിൽ കുടുക്കുകയും ചെയതാണ്​ അയാൾ കോടികൾ തട്ടിയെടുക്കുന്നതെന്നും ഇതിന്​ സഹായികളായിക്കൊണ്ട്​ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും നവാബ്​ മാലിക്​ കൂട്ടിച്ചേർത്തു.

എൻ.സി.ബിക്കെതിരെ നിരന്തരം ആരോപണമുന്നയിക്കുന്ന നവാബ് മാലിക്കിന് മറുപടിയുമായി മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയതോടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ ലഹരിക്കേസ് രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക് വളർന്നിരുന്നു.

നവാബ് മാലിക്കിന് അധോലോക ബന്ധമുണ്ടെന്നും അത് താൻ തുറന്നുകാട്ടുമെന്നും കഴിഞ്ഞ ദിവസം ഫഡ്നാവിസ് പറഞ്ഞിരുന്നു. അധോലോക ബന്ധമുണ്ടെങ്കിൽ അത് തെളിയിക്കാൻ ഫഡ്നാവിസിനെ വെല്ലുവിളിച്ച് നവാബ് മാലിക്കും ചൊവ്വാഴ്ച രംഗത്തെത്തി.

ദേവേന്ദ്ര ഫഡ്നാവിസും മയക്കുമരുന്ന് കച്ചവടക്കാരനായ ജയദീപ് റാണ എന്നയാളും തമ്മിൽ ബന്ധമുണ്ടെന്ന് മാലിക് ആരോപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാഗ്വാദം ആരംഭിച്ചത്. മയക്കുമരുന്ന് കേസിൽ ജയിലിലുള്ള ജയദീപ് റാണയും ഫഡ്നാവിസും ഒരുമിച്ചുള്ള ഫോട്ടോയായും പുറത്തുവിട്ടിരുന്നു.

സമീർ വാങ്കഡെ‍യെ എൻ.സി.ബി തലപ്പത്ത് നിയോഗിച്ചത് ഫഡ്നാവിസിന്‍റെ ഇടപെടലിലൂടെയാണ്. ഇയാളാണ് റാക്കറ്റിന്‍റെ തലവൻ. ബോളിവുഡിനെ മഹാരാഷ്ട്രക്ക് പുറത്തേക്ക് കൊണ്ടുപോകാനുള്ള ബി.ജെ.പി നീക്കം മാത്രമാണ് ആഡംബരക്കപ്പൽ ലഹരിക്കേസ്. ബോളിവുഡിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കം മാത്രമാണിതെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു.

Tags:    
News Summary - Nawab Malik shared WhatsApp chats between drug peddler and Sameer Wankhede's sister Yasmeen Wankhede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.