അമിത്​ ഷായുമായി ചർച്ച നടത്തി ശരദ്​ പവാറിന്‍റെ വിശ്വസ്തൻ; കൂടുതൽപേർ എൻ.സി.പി വിടുമെന്ന്​ ബി.ജെ.പി പ്രചരണം

എൻ.സി.പി നേതാവും ശരദ് പവാറിന്റെ വിശ്വസ്തനുമായ ജയന്ത് പാട്ടീൽ ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഇതോടെ ജയന്ത് പാട്ടീൽ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ രാജ്യത്തിന്‍റെ വ്യവസായ നഗരത്തിൽ പടരുന്നുണ്ട്​. ശരദ്​ പവാറും ബി.ജെ.പിയും തമ്മിലുള്ള ചർച്ചകളിൽ അജിത് പവാർ മധ്യസ്ഥനാകുമെന്നും മുംബൈ ടാബ്ലേയ്​ഡുകൾ റിപ്പോർട്ട്​ ചെയ്യുന്നു.

അമിത്​ ഷായുമായുള്ള കൂടിക്കാഴ്​ച്ചക്ക്​ മുമ്പ്​ പാട്ടീൽ ശരദ് പവാറിനെ മുംബൈയിൽ കണ്ടതായും റിപ്പോർട്ടുണ്ട്​. നേരത്തേ ജയന്ത്​ പാട്ടീലിനെ ഇ.ഡി വേട്ടയാടുന്നതായി എൻ.സി.പി ആരോപണം ഉന്നയിച്ചിരുന്നു. ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐ.എൽ. ആൻഡ് എഫ്.എസ്.) എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ജയന്ത് പാട്ടീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ നോട്ടീസയച്ചിരുന്നു.

എം.എൻ.എസ് നേതാവ് രാജ് താക്കറെയുമായി ബന്ധമുള്ള കോഹിനൂർ സെൻട്രലിന് മതിയായ ഈടില്ലാതെ ഐ.എൽ. ആൻഡ് എഫ്.എസ്. വായ്പ നൽകിയതിൽ ജയന്ത് പാട്ടീലിനുള്ള പങ്കാണ് ഇ.ഡി. അന്വേഷിക്കുന്നത്. എന്നാൽ തനിക്ക് ഈ കമ്പനിയുമായി ബന്ധമില്ലെന്നും താൻ ഇവിടെനിന്ന് വായ്പയെടുത്തിട്ടില്ലെന്നും പറഞ്ഞ പാട്ടീൽ ഇ.ഡി. എന്തിനാണ് നോട്ടീസ് അയക്കുന്നതെന്ന് ഈ രാജ്യത്തുള്ള എല്ലാവർക്കും അറിയാമെന്നുമായിരുന്നു അന്ന്​ പ്രതികരിച്ചത്​.

എൻ.സി.പി. സംസ്ഥാന പ്രസിഡന്റായ ജയന്ത് പാട്ടീൽ മഹാരാഷ്ട്രയിലെ ഇസ്ലാംപുരിൽനിന്നുള്ള എം.എൽ.എ.യാണ്. 61-കാരനായ മുൻമന്ത്രികൂടിയായ അദ്ദേഹം ഏഴുതവണ എം.എൽ.എ.യായിട്ടുണ്ട്.

Tags:    
News Summary - Maha NCP Chief & Sharad Pawar Close Aide Jayant Patil Meets Amit Shah, Sparks Off Speculation On Joining BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.