ന്യൂഡൽഹി: നിലവിലുള്ള രൂപത്തിൽ വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് എൻ.ഡി.എ ഘടകകക്ഷികൾ മുസ്‍ലിം സംഘടനകൾക്ക് ഉറപ്പുനൽകിയതായി വെളിപ്പെടുത്തൽ. മൂന്നാമൂഴത്തിൽ മോദി സർക്കാറിനെ താങ്ങിനിർത്തുന്ന മുഖ്യ ഘടകകക്ഷികളായ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവർ നിലവിലുള്ള ബില്ലിനെ എതിർക്കുമെന്ന് ഉറപ്പുനൽകിയതായി അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോർഡ് അധ്യക്ഷൻ ഖാലിദ് സൈഫുല്ല റഹ്മാനി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എൻ.ഡി.എ ഘടകകക്ഷിയായ ലോക്ജൻശക്തി പാർട്ടി (രാം വിലാസ്‍) നേതാവ് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും മുസ്‍ലിം സമുദായത്തിന് എതിരായ നിലപാട് എടുക്കില്ലെന്ന് തന്നെ വന്നു കണ്ട മുസ്‍ലിം നേതാക്കളോട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ, നിലവിൽ ജെ.പി.സിയുടെ പരിഗണനയിലുള്ള ബിൽ അവിടെനിന്ന് വീണ്ടും പാർലമെന്റിലെത്തിയാലും പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ പണിപ്പെടുമെന്നുറപ്പായി.
ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് നായിഡുവുമായും നിതീഷുമായും മുസ്‍ലിം നേതാക്കൾ കൂടിക്കാഴ്ച നടത്തിയതെന്ന് വിവിധ മുസ്‍ലിം സംഘടന നേതാക്കൾക്കൊപ്പം ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ സൈഫുല്ല റഹ്മാനി പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര നിയമ മന്ത്രിയുമായും കൂടിക്കാഴ്ചക്കുള്ള സാധ്യതയില്ലെന്ന് റഹ്മാനി പറഞ്ഞു. അഖിലേന്ത്യ മുസ്‍ലിം വ്യക്തിനിയമ ബോർഡുമായും വിവിധ മുസ്‍ലിം സംഘടനകളുമായും ചർച്ചയുടെ വാതിൽ കേന്ദ്ര സർക്കാർ കൊട്ടിയടച്ചതാണെന്നും കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാർ പ്രതിനിധികളെയും കാണാൻ ബോർഡ് ശ്രമിച്ചെങ്കിലും അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‍ലാമിനും മുസ്‍ലിംകൾക്കും നേരെ കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്ന് ജംഇയ്യതുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർശദ് മദനി കുറ്റപ്പെടുത്തി. വഖഫ് സംരക്ഷിക്കുന്നതിന് പകരം അന്യാധീനപ്പെടുത്തുന്നതിനുള്ള പുതിയ ബില്ലിനെ അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് അധ്യക്ഷൻ സആദതുല്ല ഹുസൈനി വ്യക്തമാക്കി. എസ്.ക്യൂ.ആർ ഇല്യാസും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.