ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ച് ഹിന്ദി ചാനലായ എന്‍.ഡി. ടി.വി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെപ്പിക്കണമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍െറ മന്ത്രിതല സമിതി ശിപാര്‍ശ ചെയ്തു. നവംബര്‍ ഒമ്പതിന് ചാനല്‍ പ്രക്ഷേപണം നിര്‍ത്തിവെക്കാന്‍ മന്ത്രാലയം ആവശ്യപ്പെടുമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഒമ്പതിന് അര്‍ധരാത്രി മുതല്‍ 10ന് അര്‍ധരാത്രിവരെ ചാനലിന്‍െറ ഇന്ത്യയിലെ മുഴുവന്‍ പ്രക്ഷേപണങ്ങളും നിര്‍ത്താനാണ് നിര്‍ദേശം. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതിന്‍െറ പേരില്‍ ഒരു ചാനലിനെതിരെ നടപടിയെടുക്കുന്ന ആദ്യ സംഭവമാണിത്. ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഭീകരര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യരക്ഷക്ക് മാത്രമല്ല, ജനങ്ങളുടെയും സൈനികരുടെയും ജീവനും ഇത് ഭീഷണിയാണെന്നും മന്ത്രിതല സമിതി വിലയിരുത്തി.
വ്യോമസേനാ താവളത്തില്‍ സൂക്ഷിച്ചിരുന്ന യുദ്ധവിമാനങ്ങള്‍, റോക്കറ്റ് വിക്ഷേപിണികള്‍, മോര്‍ട്ടാറുകള്‍, ഹെലികോപ്ടറുകള്‍, ഇന്ധന ടാങ്കുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ചാനല്‍ വെളിപ്പെടുത്തിയത്. പ്രക്ഷേപണ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ചാനലിന്‍െറ നടപടിയെന്ന് സമിതി അഭിപ്രായപ്പെട്ടു. അതേസമയം, നേരത്തേതന്നെ പരസ്യമായ വിവരങ്ങളാണ് തങ്ങള്‍ നല്‍കിയതെന്നാണ് ചാനല്‍ മറുപടി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.