വാഷിങ്ടൺ: ഝലം, ചിനാബ് നദികളുടെ പോഷകനദികളിൽ ജലവൈദ്യുതി പദ്ധതികൾ ആരംഭിക്കാൻ ഇന്ത്യക്ക് ലോകബാങ്ക് അനുമതി. പാകിസ്താൻ ഉന്നയിച്ച എതിർവാദങ്ങൾ തള്ളിയാണ് ഇന്ത്യൻനിലപാടിനെ ലോകബാങ്ക് അംഗീകരിച്ചത്. അതേസമയം, 1960ലെ സിന്ധുനദീജലകരാർ പ്രകാരമുള്ള ചില വ്യവസ്ഥകൾ പാലിക്കണം.
ഇരുരാജ്യങ്ങളുടെയും സെക്രട്ടറിതല സംഘങ്ങളുമായി ചർച്ചക്കുശേഷമാണ് ലോകബാങ്ക് നിലപാട് അറിയിച്ചത്. ജമ്മു-കശ്മീരിലെ കിഷൻഗംഗയിൽ 330 മെഗാവാട്ടും റാറ്റിലിൽ 850 മെഗാവാട്ടും വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഹൈഡ്രോഇലക്ട്രിക് പവർപ്ലാൻറുകൾ സ്ഥാപിക്കാനാണ് ഇന്ത്യ പദ്ധതി തയാറാക്കിയത്. എന്നാൽ, പദ്ധതികളുടെ സാേങ്കതിക രൂപകൽപന സംബന്ധിച്ച് പാകിസ്താൻ എതിർപ്പുമായി രംഗത്തുവന്നു.
പ്ലാൻറുകളുടെ രൂപകൽപന സിന്ധുനദീജലകരാറിന് വിരുദ്ധമാണെന്നാണ് അവരുടെ വാദം. എന്നാൽ, ഇത് ലോകബാങ്ക് അംഗീകരിച്ചില്ല. അതേസമയം, കരാറിലെ സാേങ്കതികവിഷയങ്ങൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ അടുത്തമാസം ചർച്ചനടക്കുമെന്ന് ലോകബാങ്ക് അറിയിച്ചു.
ജലവൈദ്യുതിപദ്ധതികളുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ പ്രത്യേക മധ്യസ്ഥ കോടതി രൂപവത്കരിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. സാേങ്കതിക വിഷയങ്ങൾ മാത്രമാണ് പാകിസ്താൻ ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കിയ ഇന്ത്യ, നിഷ്പക്ഷ വിദഗ്ധനെ നിയമിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ലോകബാങ്കിെൻറ മധ്യസ്ഥതയിൽ ഒമ്പത് വർഷം നീണ്ട ചർച്ചകൾക്കുശേഷമാണ് 1960ൽ സിന്ധുനദീജല കരാർ ഒപ്പുവെച്ചത്. കഴിഞ്ഞവർഷമാണ് ജലവൈദ്യുതി പദ്ധതികൾക്കെതിരെ പാകിസ്താൻ ലോകബാങ്കിനെ സമീപിച്ചത്.
ഇൗ വർഷം മാർച്ചിൽ സിന്ധു സ്ഥിരംസമിതി (പി.െഎ.സി) യോഗത്തിനിടെ ഇരുരാജ്യങ്ങളും ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു. ഒരേസമയം പാക് ആവശ്യപ്രകാരം പ്രത്യേക കോടതി രൂപവത്കരിക്കാനും ഇന്ത്യൻ ആവശ്യപ്രകാരം നിഷ്പക്ഷ സാേങ്കതികവിദഗ്ധനെ നിയമിക്കാനും ലോകബാങ്ക് 2016 നവംബറിൽ നടപടി തുടങ്ങിയെങ്കിലും ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് മരവിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളുമായും വെവ്വേറെ ചർച്ചകൾ നടത്തി. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് അനുകൂല തീരുമാനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.