ജഡ്ജിമാരെ നിയമിക്കുന്നതിൽ കാലതാമസം; കൊളീജിയം സംവിധാനത്തിൽ പുനരാലോചന നടത്തണമെന്ന് നിയമ മന്ത്രി

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമന നടപടികൾ വേഗത്തിലാക്കുന്നതിന് നിലവിലെ കൊളീജിയം സംവിധാനത്തിൽ പുനരാലോചന നടത്തേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. ഉയർന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനനടപടികൾക്ക് കൊളീജിയം സംവിധാനം കാരണം കാലതാമസം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടക്കുന്ന യൂനിയൻ ഫോർ ഇന്ത്യ കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അജയ് റസ്‌തോഗി, രാജസ്ഥാൻ ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ, ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ തുഷാർ മേത്ത എന്നിവർ സന്നിഹിതരായ വേദിയിലായിരുന്നു റിജിജുവിന്‍റെ പരാമർശം.

കൊളീജിയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നിലവിലെ സംവിധാനം പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു റിജിജുവിന്‍റെ മറുപടി. 'നിയമനങ്ങൾ വൈകുന്നത് നിയമ മന്ത്രി കാരണമല്ല, നിലവിലെ സംവിധാനങ്ങൾ കാരണമാണ്. അതുകൊണ്ടാണ് എന്‍റെ കാഴ്ചപ്പാട് ഞാൻ നിങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചത്' -കിരൺ റിജിജു പറഞ്ഞു.

വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടക്കും. തന്‍റെ ആശയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കുകയും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്തെന്നും നിയമ മന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ, ഉയർന്ന കോടതികളിൽ നിയമിക്കുന്നതിനായി കൊളീജിയം നിർദേശിച്ച പേരുകൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകുന്നതിൽ കാലതാമസം ഉണ്ടാവുന്നുണ്ടെന്ന് സുപ്രീം കോടതി ജഡ്ജിമാർ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    
News Summary - Need a rethink on collegium system: Kiren Rijiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.