മുംബൈ: വിവാഹബന്ധം വേർപെട്ടിട്ടും വർഷത്തിലൊരിക്കൽ മക്കൾക്കുവേണ്ടി ഒന്നിക്കണമെന്ന കോടതിവിധി നാലംഗ ത്രിപാഠി കുടുംബത്തിന് മരണവിധിയായി. മുംബൈക്കടുത്ത് താണെയിൽ താമസിച്ചിരുന്ന വൈഭവി ബണ്ഡേക്കർ ത്രിപാഠി (51), മുൻ ഭർത്താവ് അശോക് കുമാർ ത്രിപാഠി (54), മകൻ ധനുഷ് ത്രിപാഠി (22), മകൾ റിതിക ത്രിപാഠി (15) എന്നിവരാണ് നേപ്പാളിലെ വിമാന ദുരന്തത്തിൽ എരിഞ്ഞടങ്ങിയത്.
ഒഡിഷക്കാരനായ അശോക് കുമാറും വൈഭവിയും വിവാഹമോചിതരാണ്. മക്കൾ അമ്മയോടൊപ്പം താണെയിൽ. വർഷത്തിൽ 10 ദിവസം മക്കൾക്കുവേണ്ടി ഒന്നിക്കണമെന്ന നിബന്ധനയിലാണ് ഇവർക്ക് കോടതി വിവാഹമോചനം അനുവദിച്ചത്. അതവർ പാലിച്ചുപോന്നു.
ഇത്തവണ ഒന്നിച്ചപ്പോൾ നേപ്പാളിൽ വിനോദസഞ്ചാരമാണ് തിരഞ്ഞെടുത്തത്. അത് ഒന്നിച്ചുള്ള മരണയാത്രയായി. വൈഭവി മുംബൈയിലും അശോക് ഒഡിഷയിലും സ്വകാര്യ കമ്പനിയിൽ ജീവനക്കാരാണ്.
രോഗിയായ അമ്മയെ ജ്യേഷ്ഠത്തിയെ ഏൽപിച്ചാണ് മക്കൾക്കുവേണ്ടി മുൻ ഭർത്താവിനൊപ്പം വൈഭവി യാത്രപോയത്. അമ്മയെ വിവരമറിയിക്കരുതെന്ന അപേക്ഷയായിരുന്നു, ദുരന്തം അറിയിച്ച മുംബൈ പൊലീസിനോടുള്ള ജ്യേഷ്ഠത്തിയുടെ അപേക്ഷ.
വൈഭവിയുടെ ഡ്രൈവർ ആശിഷ് സാവന്തിനും കണ്ണീരടക്കാനാകുന്നില്ല. രണ്ടു ദിവസം മുമ്പ് ത്രിപാഠി കുടുംബത്തെ മുംബൈ വിമാനത്താവളത്തിൽ എത്തിച്ചത് മരണയാത്രക്കായിരുന്നുവെന്ന് ആ 29കാരന് വിശ്വസിക്കാനാവുന്നില്ല.
കാഠ്മണ്ഡു: നേപ്പാളിൽ നാല് ഇന്ത്യക്കാരടക്കം 22 പേരുമായി തകർന്നുവീണ വിമാനത്തിലെ 20 യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ആരും രക്ഷപ്പെട്ടതായി കരുതുന്നില്ലെന്നും അവശേഷിക്കുന്ന മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നേപ്പാൾ സൈനിക അധികൃതർ പറഞ്ഞു.
ടൂറിസ്റ്റ് നഗരമായ പൊഖാറയിൽനിന്ന് ജോംസമിലേക്ക് ഞായറാഴ്ച രാവിലെ 9.55ന് പറന്നുയർന്ന താര എയർ വിമാനം 12 മിനിറ്റിനുള്ളിൽ കാണാതാവുകയായിരുന്നു.
20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മസ്താങ് ജില്ലയിലെ സനോസ്വരയിൽ മലനിരകളിൽ ഇടിച്ചുവീണ നിലയിൽ തിങ്കളാഴ്ച കണ്ടെത്തുകയായിരുന്നുവെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു. 14,500 അടിയിൽനിന്നാണ് തകർന്നതെന്നും മൃതദേഹങ്ങൾ മലയുടെ നൂറുമീറ്റർ ചുറ്റളവിൽ ചിതറിക്കിടക്കുകയായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
''മലയിൽ ഇടിച്ച വിമാനം കഷണങ്ങളായി ചിതറി വീഴുകയായിരുന്നു. തീപിടിത്തമോ മറ്റോ ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ മൃതദേഹങ്ങളെല്ലാം തിരിച്ചറിയാവുന്ന നിലയിൽ തന്നെയാണ്'' -താര എയർ വക്താവ് സുദർശൻ ബർത്തൗല അറിയിച്ചു. കമ്പനി പുറത്തുവിട്ട വിമാനത്തിന്റെ ചിത്രത്തിൽ ഒരു ചിറകും പിൻഭാഗവും മാത്രമാണ് തകരാതെയുണ്ടായിരുന്നുള്ളൂ.
മുംബൈ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ത്രിപാഠി, മക്കളായ ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
എവറസ്റ്റ് അടക്കം, ലോകത്തെ 14 വലിയ പർവതങ്ങളിൽ ഏഴെണ്ണവും സ്ഥിതിചെയ്യുന്ന നേപ്പാൾ വിമാനാപകടങ്ങളിൽ ഏറ്റവും മുന്നിൽനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.