ഹരിയാനയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; നായബ് സിങ് സൈനി ഭൂരിപക്ഷം തെളിയിക്കണം

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നായബ് സിങ് സൈനി ബുധനാഴ്ച നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നേരിടും. രാവിലെ 11നാണ് വോട്ടെടുപ്പ്.

സംസ്ഥാനത്ത് ബി.ജെ.പി–ജെ.പി.പി സഖ്യം പിളർന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഘട്ടർ ചൊവ്വാഴ്ച രാജിവെച്ചിരുന്നു. മണിക്കൂറുകൾക്കകമാണ് കുരുക്ഷേത്രയില്‍ നിന്നുള്ള എം.പിയും ഒ.ബി.സി നേതാവുമായ നായബ് സിങ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 48 എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സൈനിയുടെ അവകാശവാദം.

ബി.ജെ.പി ഹരിയാന അധ്യക്ഷൻ കൂടിയാണ് സൈനി. സൈനിക്കൊപ്പം അഞ്ചുപേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ലോക്സഭാ സീറ്റുകളെ ചൊല്ലി ഉടക്കിയ ജെ.ജെ.പി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാലയും എല്ലാ സഹമന്ത്രിമാരും രാജി നൽകിയിരുന്നു. ദുഷ്യന്ത് ചൗതാല ബി.ജെ.പി കേന്ദ്ര നേതാക്കളുമായി സീറ്റ് ചർച്ച നടത്തുന്നതിനിടയിലാണ് ഖട്ടർ നാടകീയമായി രാജിവെച്ചത്. ഖട്ടറിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം.

ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാൽ ജെ.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് സര്‍ക്കാറുണ്ടാക്കിയിരുന്നത്. 90 അംഗ സഭയിൽ ബി.ജെ.പിക്ക് 41 എം.എൽ.എമാരുണ്ട്. 46 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പുതിയ സർക്കാറിനെ ആറ് സ്വതന്ത്രരും ജെ.ജെ.പിയിലെ അഞ്ചുപേരും പിന്തുണക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - New Haryana Chief Minister To Prove Majority Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.