ന്യൂഡൽഹി: കേന്ദ്രസർക്കാറിൻറെ കാർഷിക നിയമങ്ങൾ ഇന്ത്യൻ കർഷകർക്ക് അവസരങ്ങളുടെ നിരവധി വാതിലുകളാണ് തുറന്നിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷങ്ങളായുള്ള കർഷകരുടെ ആവശ്യവും, എല്ലാ സർക്കാറുകളുടെയും വാഗ്ദാനവും അവസാനം നിറവേറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ലാണ് നരേന്ദ്രമോദിയുടെ പ്രതികരണം. നാലുദിവസമായി ഡൽഹിയിലെ അതിർത്തികളിൽ കർഷകർ പ്രതിഷേധിക്കുകയാണ്. താങ്ങുവില ഉറപ്പാക്കുന്നത് ഉൾപ്പെടെ കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്നും മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
നിരവധി ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. ഇതോടെ ഭൂരിഭാഗം കർഷകരുടെയും പ്രശ്നങ്ങൾ അവസാനിക്കും. അവർക്ക് പുതിയ അവകാശങ്ങളും അവസരങ്ങളും നൽകും -മോദി കൂട്ടിച്ചേർത്തു.
കർഷകരുമായി എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ചചെയ്യാൻ കേന്ദ്രസർക്കാർ തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ഡിസംബർ മൂന്നിന് കർഷകരുമായി ചർച്ച നടത്താനാണ് തീരുമാനം. അതിനുമുമ്പ് കർഷകരുമായി ചർച്ച നടത്തണമെങ്കിൽ പ്രതിഷേധം സർക്കാർ നിശ്ചയിക്കുന്ന സ്ഥലത്ത് സംഘടിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.
എന്നാൽ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് കർഷകർ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ചെയ്യുമെന്നാണ് കർഷകരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.