പുതിയ പാർലമെന്‍റ് മന്ദിരം ‘മോദി മൾട്ടിപ്ലക്സ്’; അപര്യാപ്തത മാത്രമെന്ന് ജയ്റാം രമേശ്

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഉദ്ദേശ്യങ്ങൾ കൃത്യമായി മനസ്സിലാക്കിത്തരുന്നതാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. അതിനെ മോദി മൾട്ടി പ്ലക്‌സെന്നോ മോദി മാരിയറ്റെന്നോ വിളിക്കണം. വെറും നാല് ദിവസം കൊണ്ട് രണ്ട് സഭകളിലും ലോബിയിലും ഞാൻ കണ്ടത് സംഭാഷണങ്ങൾ ഇല്ലാതാകുന്നതാണ്. വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താൻ സാധിക്കുമെങ്കിൽ പ്രധാനമന്ത്രി ഭരണഘടന മാറ്റി എഴുതാതെതന്നെ അത് ചെയ്തു വെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു.

2024ൽ അധികാര കൈമാറ്റം സംഭവിച്ചാൽ പുതിയ പാർലമെന്‍റ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി. സഭയിൽ പരസ്പരം കാണാൻ ബൈനോക്കുലർ ആവശ്യമാണ്. പാർലമെന്‍റിന്‍റെ വിജയത്തിനായി വേണ്ട അടുപ്പം പുതിയ മന്ദിരത്തിലില്ല. പഴയമന്ദിരം വൃത്താകൃതിയിലുള്ളതായിരുന്നതിനാൽ വഴിമാറിയാലും പെട്ടെന്നുതന്നെ കണ്ടെത്താമായിരുന്നു. എന്നാൽ, പുതിയ മന്ദിരത്തിൽ വഴിതെറ്റിയാൽ അത് നമ്മെ വട്ടംകറക്കും. തുറന്നുകിടക്കുന്ന രീതിയിലായിരുന്നു പഴയതിന്‍റെ രൂപകൽപന. എന്നാൽ, പുതിയമന്ദിരം അടച്ചുമൂടിയാണ് നിർമിച്ചിരിക്കുന്നത്. പഴയ പാർലമെന്റിൽ പോകുന്നത് എനിക്ക് ഇഷ്ടമായിരുന്നു. എന്നാൽ, പുതിയമന്ദിരം വേദനാജനകമാണ്. പാർട്ടിഭേദമന്യേ എന്റെ മറ്റ് സഹപ്രവർത്തകർക്കും സമാന അഭിപ്രായം തന്നെയാകുമെന്ന് ഉറപ്പുണ്ട്.

പാർലമെന്‍റ് ജീവനക്കാരും പുതിയ കെട്ടിടത്തിന്‍റെ അപാകതകളെ കുറിച്ച് പറയുന്നത് കേട്ടു. കെട്ടിടം ഉപയോഗിക്കുന്നവരുമായി കൂടിയാലോചനകളൊന്നും ഇല്ലാതിരുന്നാൽ ഇങ്ങനെയിരിക്കും അവസ്ഥയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജയ്റാം രമേശിന്‍റെ അഭിപ്രായം കോൺഗ്രസിന്‍റെ വൃത്തികെട്ട മനോനിലയാണ് കാണിക്കുന്നതെന്നായിരുന്നു ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പ്രതികരണം. 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾക്ക് അപമാനമാണെന്നും കോൺഗ്രസ്‌ ആദ്യമായല്ല ഇത്തരം പാർലമെന്‍റ് വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - New Parliament House 'Modi Multiplex'; Jairam Ramesh that it is only insufficient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.