ന്യുഡൽഹി: പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തിക്ക് പുതിയ പാസ്പോർട്ട് അനുവദിക്കുന്നതിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈകോടതി . പാസ്പോർട്ട് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ അധികാരികളോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മുഫ്തി നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
രണ്ടു വർഷം മുമ്പാണ് പാസ്പോർട്ട് പുതുക്കി നൽകുന്നത് നിരസിച്ചതെന്നും ബന്ധപ്പെട്ട പാസ്പോർട്ട് ഓഫീസർ മൂന്നു മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് പറഞ്ഞു.
പലതവണ അപേക്ഷിച്ചിട്ടും പുതിയ പാസ്പോർട്ട് നൽകുന്നതിൽ കാലതാമസമുണ്ടായെന്നും ഇതുവരെ തീരുമാനമുണ്ടായില്ലെന്നും മുഫ്തി ഹരജിയിൽ പറഞ്ഞു. അതേസമയം മെഹ്ബൂബയുടെ അപ്പീലിൽ മാർച്ച് രണ്ടിന് ഉത്തരവ് പുറപ്പെടുവിച്ചതായും വിഷയം വീണ്ടും പരിഗണിക്കുന്നതിനായി ജമ്മു കശ്മീരിലെ പാസ്‌പോർട്ട് ഓഫീസർക്ക് അയച്ചതായും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
80 വയസ്സുള്ള മാതാവിനെ ഹജ്ജിന് കൊണ്ടുപോകാനായി മൂന്ന് വർഷമായി കാത്തിരിക്കുകയാണെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകര്യ മന്ത്രി എസ്. ജയശങ്കറിനും മെഹ്ബൂബ കത്തെഴുതിയിരുന്നു. പാസ്പോർട്ട് നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ജമ്മു കശ്മീർ സി.ഐ.ഡി റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്ന് പാസ്‌പോർട്ട് പുതുക്കുന്നത് തീർപ്പുകൽപ്പിക്കാതെ തുടരുകയാണെന്നും കത്തിൽ അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.