ചെന്നൈ: ഡൽഹിയിൽ കഴിഞ്ഞദിവസം എൻ.െഎ.എ അറസ്റ്റ് ചെയ്ത തമിഴ്നാട്ടുകാരായ 14 പ്രത ികളും യു.എ.ഇയിൽനിന്ന് നാടുകടത്തപ്പെട്ടവരാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ഭീകര സംഘടനകളുടെ പ്രവർത്തനത്തിന് അറബ്രാജ്യങ്ങളിൽ ഫണ്ടുശേഖരണം നടത്തിയ കുറ്റത്തിനാണ് യു.എ.ഇ അധികൃതർ അറസ്റ്റ് ചെയ്ത് രണ്ടു ബാച്ചുകളിലായി ഇന്ത്യയിലേക്ക് നാടുകടത്തിയതെന്ന് എൻ.െഎ.എയുടെ ചെന്നൈയിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.എസ്.എസ് പിള്ള മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
തിങ്കളാഴ്ച 14 പേരെയും ഡൽഹിയിൽനിന്ന് വിമാനമാർഗം ചെന്നൈയിലെത്തിച്ച് പൂന്ദമല്ലി പ്രത്യേക കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇവരെ ജൂലൈ 25 വരെ ചെന്നൈ പുഴൽ ജയിലിൽ റിമാൻഡ് ചെയ്ത് ജഡ്ജി പി. ചെന്തൂരപാണ്ടി ഉത്തരവിട്ടു.
മൊയ്തീൻ ഷാഹുൽ ഹമീദ്, മുഹമ്മദ് ഇബ്രാഹിം, മീരാൻകനി, മുഹമ്മദ് ഷെയ്ഖ്, മുഹമ്മദ് അസാറുദീൻ, തൗഫീഖ് അഹ്മദ്, മുഹമ്മദ് അക്സർ, ഗുലാംനബി ആസാദ്, റാഫി അഹ്മദ്, ഉമർ ഫാറുഖ്, ഫൈസൽ ഷെരീഫ്, മുഹമ്മദ് ഇബ്രാഹിം, മുന്താബ്സീർ, ഫാറൂഖ് എന്നിവരാണ് പ്രതികൾ. മൂന്നു മാസത്തിലധികം ഇവർ യു.എ.ഇ ജയിലിലായിരുന്നു.
ഭീകരസംഘടനകൾക്കായുള്ള ഫണ്ട്ശേഖരണം, റിക്രൂട്ട്മെൻറ്, ഭീകരവാദ സംഘടനകളുമായ ബന്ധം(യു.എ.പി.എ സെക്ഷൻ-17, 18, 38, 39), ഗൂഢാലോചന(െഎ.പി.സി 120 ബി), ആയുധശേഖരണം(െഎ.പി.സി 122) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.
പ്രതികളിൽനിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടു ദിവസം മുമ്പ് ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിൽ എൻ.െഎ.എ റെയ്ഡ് നടത്തിയത്. ‘അൻസാറുല്ല’ എന്ന സംഘടനയുടെ പേരിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. നാഗപട്ടണം സ്വദേശികളായ ഹസൻ അലി, ഹാരിസ് മുഹമ്മദ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ബാങ്ക് രേഖകളും മറ്റും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.