ചെന്നൈ: ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി വിവിധ ജില്ലകളിൽ 15ഓളം കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ രണ്ടുപേർ അറസ്റ്റിൽ. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ അൽ ഉമ്മയുമായി ബന്ധമുള്ളവരുടെ ചെന്നൈ, തിരുച്ചി, തഞ്ചാവൂർ, കുംഭകോണം, പുതുക്കോട്ട, ഈറോഡ് എന്നീ ജില്ലകളിലെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്.
ചെന്നൈയിൽ റോയപേട്ട, മുടിഞ്ചൂർ എന്നിവിടങ്ങളിലും തിരുച്ചി സുബ്രമണ്യപുരത്തും പുതുക്കോട്ട വടകാട് ഭാഗത്തും ഈറോഡ് പെരിയാർ നഗർ കറുപ്പണ്ണസാമി വീഥിയിലുമാണ് റെയ്ഡ് നടത്തിയത്. നിരോധിത പ്രസ്ഥാനമായ ഹിസ്ബുദ് താഹിറുമായി ബന്ധപ്പെട്ട തഞ്ചാവൂരിലെ അഞ്ച് കേന്ദ്രങ്ങളിലും പരിശോധന നടന്നു.
ഞായറാഴ്ച രാവിലെ ആറുമുതൽ നഗരത്തിലെ കുളന്തൈയമ്മാൾ നഗറിലെ അഹമ്മദിന്റെ വീട്ടിലും മാനങ്ങോറയിലെ ശൈഖ് അലാവുദ്ദീന്റെ വീട്ടിലും സാലിയമംഗലത്തെ അബ്ദുൽ റഹ്മാൻ, മുജീബുർ റഹ്മാൻ എന്നിവരുൾപ്പെടെ മൂന്നുപേരുടെ വീടുകളിലുമാണ് പരിശോധന നടന്നത്. ഇതിൽ അബ്ദുൽ റഹ്മാൻ, മുജീബുർ റഹ്മാൻ എന്നിവരെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തതായി എൻ.ഐ.എ കേന്ദ്രങ്ങൾ അറിയിച്ചു.
ഇവരുടെ പക്കൽനിന്ന് പെൻഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഹിസ്ബുദ് താഹിർ സംഘടനക്കുവേണ്ടി സമൂഹ മാധ്യമങ്ങളുപയോഗപ്പെടുത്തി യോഗം വിളിച്ചുകുട്ടിയെന്നാരോപിച്ച് ഒരു മാസം മുമ്പ് ചെന്നൈയിൽനിന്ന് ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.