ഗുവാഹതി: അസമിലെ ബി.ജെ.പി സര്‍ക്കാര്‍ ജയിലിലടച്ച ആക്ടിവിസ്റ്റും റായ്‌ജോര്‍ ദള്‍ പാര്‍ട്ടി അധ്യക്ഷനുമായ അഖില്‍ ഗൊഗോയിയെ യു.എ.പി.എ ചുമത്തപ്പെട്ട ഒരു കേസില്‍ എന്‍.ഐ.എ കോടതി കുറ്റവിമുക്തനാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ചുമത്തിയ കേസിലാണ് അഖില്‍ ഗോഗോയിലെ കുറ്റമുക്തനാക്കിയത്.
വിവിധ കേസുകളിലായി 2019 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുകയാണ് അഖില്‍ ഗൊഗോയി. കര്‍ഷക നേതാവ് കൂടിയായ ഇദ്ദേഹം ജയിലില്‍ കഴിഞ്ഞുകൊണ്ട് അസം നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും സിബ്‌സാഗര്‍ മണ്ഡലത്തില്‍ നിന്ന് വിജയിക്കുകയും ചെയ്തിരുന്നു.
സി.എ.എ വിരുദ്ധ സമരം അക്രമാസക്തമായതിനെ തുടര്‍ന്നാണ് പൊലീസ് ഗൊഗോയിക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിച്ചു, പൊലീസിന് നേരെ കല്ലെറിഞ്ഞു, പൊലീസുകാരന്റെ മരണത്തിനിടയാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
എന്നാല്‍, എന്‍.ഐ.എ സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് പ്രഞ്ജാള്‍ ദാസ് അഖില്‍ ഗൊഗോയി കുറ്റക്കാരനല്ലെന്ന് വിധിക്കുകയായിരുന്നു. ഗോഗോയിക്കൊപ്പം അറസ്റ്റിലായ ജഗ്ജിത് ഗോഹായ്ന്‍, ഭൂപന്‍ ഗോഗോയി എന്നിവരെയും കോടതി കുറ്റമുക്തരാക്കി. കേസില്‍ അഖില്‍ ഗൊഗോയിക്ക് നേരത്തെ ജാമ്യം കിട്ടിയിരുന്നെങ്കിലും പിന്നീട് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
അതേസമയം, എന്‍.ഐ.എ ഏറ്റെടുത്ത മറ്റൊരു കേസില്‍ അഖില്‍ ഗൊഗോയിക്കെതിരെ അന്വേഷണം തുടരുകയാണ്.
അസമില്‍ ബി.ജെ.പി വിരുദ്ധ ചേരിയിലെ ശക്തമായ സാന്നിധ്യമാണ് കര്‍ഷക നേതാവ് കൂടിയായ അഖില്‍ ഗൊഗോയി. 2019 ഡിസംബര്‍ എട്ടിനാണ് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടെങ്കിലും ജയിലില്‍ കഴിഞ്ഞുകൊണ്ടു തന്നെ അഖില്‍ ഗൊഗോയ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിച്ച് വിജയിക്കുകയായിരുന്നു. 9064 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.