ന്യൂഡൽഹി: ഉസാമ ബിൻലാദിനെ വിചാരണയില്ലാതെ അമേരിക്ക വധിച്ചത് ചൂണ്ടിക്കാട്ടി കശ്മീർ വിഘടനവാദി നേതാവ് യാസീൻ മാലികിന് വധശിക്ഷ നൽകണമെന്ന് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) ഡൽഹി ഹൈകോടതി മുമ്പാകെ ആവശ്യപ്പെട്ടു. എൻ.ഐ.എക്കുവേണ്ടി ഹാജരായ കേന്ദ്ര സർക്കാറിന്റെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ജസ്റ്റിസുമാരായ സിദ്ധാർഥ് മംദുൽ, തൽവന്ത് സിങ് എന്നിവർക്കുമുമ്പാകെ വധശിക്ഷക്കായി വാദിച്ചത്. എന്നാൽ, യാസീൻ മാലികിനെ ഉസാമയുമായി താരതമ്യം ചെയ്യേണ്ടെന്ന് ഹൈകോടതി എസ്.ജിയെ ഓർമിപ്പിച്ചു.
ഭീകരർക്കുള്ള ഫണ്ടിങ് കേസിൽ കുറ്റം സ്വയം ഏറ്റുപറഞ്ഞതിനെ തുടർന്നാണ് കഴിഞ്ഞ വർഷം എൻ.ഐ.എ കോടതി യാസീൻ മാലികിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കുറ്റം സ്വയം പറഞ്ഞ് തൂക്കുകയർ ഒഴിവാക്കാനാകുമെന്ന് ഭീകരർക്ക് അറിയാമെന്ന് മേത്ത ഹൈകോടതിയിലുള്ള അപ്പീലിൽ വാദിച്ചു. എല്ലാ കുറ്റങ്ങളും സ്വയമേറ്റെടുത്ത് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവുശിക്ഷ നേടാനുള്ള ഒഴിവുകഴിവാണിതെന്നും മേത്ത ബോധിപ്പിച്ചു.
കുറ്റമേറ്റുപറഞ്ഞത് യാസീന്റെ തന്ത്രമാണെന്ന മേത്തയുടെ വാദത്തിൽ ഇടപെട്ട ജസ്റ്റിസ് മൃദുൽ അത് അദ്ദേഹത്തിന്റെ ഭരണഘടനാപരമായ അവകാശമാണെന്ന് ചൂണ്ടിക്കാട്ടി. ഈ മാനദണ്ഡം വെച്ച് അമേരിക്ക വിചാരണ നടത്താതെ വധശിക്ഷ നടപ്പാക്കിയ ഉസാമ ബിൻലാദിനെ ഇന്ത്യയിൽ വിചാരണ ചെയ്തിരുന്നുവെങ്കിൽ അയാൾ ഇതുപോലെ കുറ്റമേറ്റുപറയുമായിരുന്നുവെന്ന് മേത്ത ഇതിനോട് പ്രതികരിച്ചു. അതിന് മറുപടിയായാണ് യാസീൻ മാലികിനെ ഉസാമയോട് താരതമ്യം ചെയ്യേണ്ടെന്നും ഉസാമ എവിടെയും വിചാരണ നേരിട്ടിട്ടില്ലെന്നും ഹൈകോടതി ഓർമിപ്പിച്ചത്. വിദേശ രാഷ്ട്രീയത്തിൽ കോടതി അഭിപ്രായപ്രകടനം നടത്തില്ലെന്നും ജസ്റ്റിസ് മൃദുൽ കൂട്ടിച്ചേർത്തു. തുടർന്ന് ആഗസ്റ്റ് ഒമ്പതിന് യാസീൻ മാലികിനെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഹൈകോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.