ന്യൂഡൽഹി: വനിത വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിയിൽ അതീവ സന്തോഷമെന്ന് നിർഭയയുടെ മാതാവ് ആശാദേവി. തെലങ്കാന പൊലീസ് നീതി നടപ്പാക്കിയതിൽ സന്തോഷം തോന്നുന്നു. പ്രതികളെ കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്നും ആശാദേവി പറഞ്ഞു.
ഡൽഹിയിൽ കൂട്ടബാലത്സംഗത്തിനിരയായി കൊല്ലപ്പെട്ട മകൾക്ക് നീതി ലഭിക്കാൻ ഏഴു വർഷമായി ഞങ്ങൾ കോടതി കയറിയിറങ്ങുകയാണ്. നിർഭയ കേസിൽ ജയിൽ കഴിയുന്ന പ്രതികളുടെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് അപേക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആശാദേവി പറഞ്ഞു.
ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ ലോറി ഡ്രൈവറും മുഖ്യപ്രതിയുമായ ആരിഫ് (24), ലോറി ക്ലീനർമാരായ ജോലു ശിവ(20), ജോലു നവീൻ (20), ചിന്തകുണ്ട ചെന്നകേശവലു (20) എന്നിവരെയാണ് തെലുങ്കാന പൊലീസ് ഇന്ന് പുലർച്ചെ വെടിവെച്ച് കൊന്നത്.
തെളിവെടുപ്പിന് എത്തിച്ച പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെടിവെപ്പ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. പ്രതികൾ ആക്രമിച്ചപ്പോൾ സ്വയംരക്ഷയ്ക്കാണ് വെടിവെച്ചതെന്നും തെലുങ്കാന പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രിയാണ് 25കാരിയെ ബലാത്സംഗത്തിനിരയാക്കി കൊന്നശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് തീകൊളുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.