നിസാം ജയിലില്‍ കിടന്ന് ബിസിനസ് നിയന്ത്രിക്കുന്നു

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം ജയിലില്‍ കിടന്ന് ബിസിനസ് നിയന്ത്രിക്കുന്നതായി പൊലീസ്. തന്‍െറ സ്ഥാപനങ്ങളിലെ ദൈനംദിന കാര്യങ്ങള്‍ വരെ ജയിലിലിരുന്ന് അറിയാന്‍ നിസാമിന് കഴിയുന്നുണ്ടത്രേ. അതിനുള്ള സൗകര്യങ്ങള്‍ ഇയാള്‍ക്ക് ജയിലില്‍ ലഭിക്കുന്നുണ്ട്. പൊലീസ് കസ്റ്റഡിയിലിരിക്കേ സഹോദരന്മാരെ വധിക്കുമെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.

നിസാമിന്‍െറ സഹോദരന്മാരായ അബ്ദുല്‍ റസാഖും അബ്ദുല്‍ നിസാറും പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. വധഭീഷണി പരാതിയില്‍ നിസാമിനെതിരെ തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തേക്കും.  നിസാമിനെ ബംഗളൂരു കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ബസില്‍ നിസാമിന്‍െറ കിങ്സ് കണ്‍സ്ട്രക്ഷന്‍ കമ്പനി  മാനേജര്‍ ഷിബിന്‍, സുഹൃത്ത് രതീഷ് എന്നിവര്‍ കൂടെയുണ്ടായിരുന്നതായി പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്.

പൊലീസിനും നിസാമിനും മടക്ക ടിക്കറ്റ് എടുത്തുനല്‍കിയത് നിസാമിന്‍െറ ഓഫിസില്‍നിന്നാണെന്ന് സംശയിക്കാവുന്ന തെളിവുകളും സഹോദരന്മാര്‍ കൈമാറിയിട്ടുണ്ട്. ഈ മാസം 20ന് ബംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് നിസാം ഫോണ്‍ വിളിച്ചത്. രാത്രി എട്ടിനുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ പൊലീസുകാര്‍ വീഴ്ചവരുത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഷിബിനോട് തിങ്കളാഴ്ച ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ സൈബര്‍ സെല്‍ പരിശോധിച്ചുവരുകയാണ്. പൊലീസിന്‍െറ സാന്നിധ്യത്തിലാണ് ഫോണ്‍ ഉപയോഗിച്ചതത്രേ. ഇതാണ് സഹോദരന്മാര്‍ പൊലീസിന് കൈമാറിയിരിക്കുന്നത്.
ബിസിനസ് സ്ഥാപനങ്ങളില്‍ സഹോദരന്മാര്‍ പിടിമുറുക്കുന്നുവെന്നും തനിക്കും ഭാര്യക്കും മക്കള്‍ക്കും അനുഭവിക്കാനുള്ള സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് സഹോദരന്മാരുടെ ശ്രമമെന്നുമാണ് നിസാം പറയുന്നത്.

കുടുംബ ബിസിനസിലും നിസാമിന്‍െറ സ്വന്തം സ്ഥാപനങ്ങളിലും സഹോദരങ്ങള്‍ ഇടപെടുന്നതിനെതിരെ അതിരൂക്ഷമായാണ് നിസാം പ്രതികരിക്കുന്നത്. താന്‍ ജയിലില്‍നിന്ന് ഇറങ്ങാതിരിക്കാന്‍ സഹോദരങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്നും നിസാം ആരോപിക്കുന്നുണ്ട്. കാസര്‍കോട്, ഹൈദരാബാദ് സ്വദേശികളുടെ പേരിലുള്ള രണ്ട് സിം കാര്‍ഡുകളാണ് നിസാം ജയിലില്‍നിന്നുള്ള വിളികള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഒരു വര്‍ഷമായി ഈ നമ്പറുകളില്‍നിന്ന് പലരെയും നിസാം വിളിച്ചിട്ടുണ്ടെന്നാണ് വിവരം. വൈകീട്ടാണ് വിളികളിലേറെയും. ഇക്കാര്യങ്ങള്‍ കണ്ണൂര്‍ സൈബര്‍ യൂനിറ്റാണ് പരിശോധിക്കുന്നത്.

Tags:    
News Summary - nisam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.