ന്യൂഡൽഹി: 55 ശതമാനം പോളിങുമായി ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പിെൻറ അവസാന ഘട്ടവും പൂർത്തിയായപ്പോൾ എക്സിറ്റ് സർവേ ഫലങ്ങളിൽ ഭരണമുന്നണിയെ പിന്തള്ളി മഹാസഖ്യത്തിന് മുന്നേറ്റം. സർവേ ഫലങ്ങൾ പൊതുവെ നോക്കിയാൽ നിതീഷ്കുമാർ നയിക്കുന്ന എൻ.ഡി.എക്ക് ശരാശരി 110 സീറ്റും തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് 110ഉം സീറ്റ് കിട്ടുമെന്നാണ് പ്രവചനം.
243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റു വേണം. അതിനു തൊട്ടടുത്താണ് രണ്ടു ചേരിയുടെയും സീറ്റുനില. ആർക്കും കേവല ഭൂരിപക്ഷം കിട്ടാത്ത തൂക്കുസഭ വരാനുള്ള സാധ്യതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു. മുഖ്യമന്ത്രി നിതീഷ്കുമാറിനും ബി.ജെ.പിക്കും തിരിച്ചടിയാണ് സർവേകളെല്ലാം പ്രവചിക്കുന്നത്.
എൻ.ഡി.എ സഖ്യത്തിൽനിന്ന് മാറി ഒറ്റക്ക് ശക്തി പരീക്ഷിക്കാൻ ഇറങ്ങിയ ചിരാഗ് പാസ്വാെൻറ ലോക്ജൻശക്തി പാർട്ടിയുടെ സീെറ്റണ്ണം ഒറ്റയക്കത്തിൽ ഒതുങ്ങുമെന്നും സി.പി.ഐ (എം.എൽ) നേട്ടമുണ്ടാക്കുമെന്നും സർവേകൾ പ്രവചിക്കുന്നു.
ടൈംസ് നൗ, സീ വോട്ടർ സർവേ പ്രകാരം മഹാസഖ്യത്തിന് 120 സീറ്റു കിട്ടും. എൻ.ഡി.എക്ക് 116. എൽ.ജെ.പിക്ക് ഒറ്റ സീറ്റ്. റിപ്പബ്ലിക് ടി.വിയും ജൻ കി ബാത്തും ചേർന്നു നടത്തിയ സർവേയും മഹാസഖ്യത്തിന് മുൻതൂക്കം നൽകി. കിട്ടാവുന്ന സീറ്റ് 118 മുതൽ 138 വരെ. എൻ.ഡി.എക്ക് 91 മുതൽ 117 സീറ്റു വരെ മാത്രം കിട്ടുമെന്നാണ് ഈ സർവേ ഫലം.
എ.ബി.പി- സീ വോട്ടർ സർവേയിൽ മഹാസഖ്യം 108 മുതൽ 131 വരെ സീറ്റ് നേടും. എൻ.ഡി.എയുടെ സീറ്റ് 104നും 128നുമിടയിൽ. എൽ.ജെ.പിക്ക് ഏറിയാൽ മൂന്നു സീറ്റ്. എക്സിറ്റ് പോൾ സർവേ ഫലങ്ങൾ മിക്കപ്പോഴും തെറ്റുന്നതാണ് രീതി. വോട്ടെണ്ണൽ നവംബർ 10ന്. മധ്യപ്രദേശിലെ 28 നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി 18 വരെ സീറ്റ് നേടിയേക്കുമെന്നും കോൺഗ്രസിന് 12 വരെ സീറ്റു കിട്ടാമെന്നും ഇന്ത്യ ടുഡേ, ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിച്ചു. യു.പിയിൽ ബി.ജെ.പിക്ക് ആറു വരെ സീറ്റ്. ഗുജറാത്തിലും ബി.ജെ.പി ഏഴു സീറ്റു വരെ നേടുമെന്നാണ് സർവേ ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.