പാട്ന: 2020ലെ ബിഹാർ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് ബി.ജെ.പിയേക്കാൾ കുറഞ്ഞ സീറ്റ് ലഭിച്ചിട്ടും താൻ മുഖ്യമന്ത്രിയായത് സമ്മർദ്ദം മൂലമാണെന്ന് നിതീഷ് കുമാർ. കേന്ദ്രസർക്കാറിനെതിരായി ബിഹാർ നിയമസഭയിൽ നടത്തിയ പരാമർശത്തിൽ ബി.ജെ.പിയുടെ വഞ്ചനയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു നിതീഷ്. ബിഹാർ നിയമസഭയിൽ അനായാസം വിശ്വാസവോട്ട് നേടിയ ശേഷമാണ് അദ്ദേഹം സംസാരിച്ചത്.
'2020ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കൂടുതൽ എം.എൽ.എമാരുള്ളതിനാൽ ബി.ജെ.പി മുഖ്യമന്ത്രിയെ സ്വകീരിക്കാൻ തയ്യാറായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായി തുടരാൻ എന്റെ മേൽ കടുത്ത സമ്മർദം ഉണ്ടായി. നിങ്ങൾ മുഖ്യമന്ത്രിയാകുമെന്ന് അവർ പറഞ്ഞു. ഒടുവിൽ എനിക്ക് സമ്മതിക്കേണ്ടി വന്നു' നിതീഷ് കുമാർ പറഞ്ഞു.
നന്ദ് കിഷോർ യാദവിനെ സ്പീക്കറാക്കുമെന്ന് എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം പഴയ സുഹൃത്താണ്. അത് നല്ലതായിരിക്കും. പക്ഷേ അദ്ദേഹം സ്പീക്കർ ആയില്ല. നിതീഷ് കുമാറിന്റെ ജനതാ ദൾ യുനൈറ്റഡ് ബിഹാർ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു. തുടർന്ന് ബി.ജെ.പിയുടെ കൂടെ ചേർന്ന് അധികാരത്തിൽ തുടരുകയായിരുന്നു.
ജെ.ഡി.യുവിനെതിരെ സ്ഥാനാർഥികളെ നിർത്തിയ സഖ്യകക്ഷിയായ ചിരാഗ് പാസ്വാനാണ് തന്റെ പാർട്ടിയുടെ മോശം പ്രകടനത്തിന് കാരണമെന്ന് നിതീഷ് കുമാർ സത്യപ്രതിജ്ഞക്കിടെ കുറ്റപ്പെടുത്തിയിരുന്നു. തനിക്ക് വിലയേറിയ സീറ്റുകൾ നഷ്ടപ്പെടുത്തിയ ചിരാഗ് പാസ്വാന്റെ തന്ത്രത്തിന് ബി.ജെ.പിയുടെ മൗനപിന്തുണയുണ്ടെന്ന് അദ്ദേഹം സംശയിച്ചു.
'2020ൽ നിങ്ങൾ എനിക്കെതിരെ ആരെയാണ് രംഗത്തിറങ്ങിയത്? എന്നാൽ ഞാൻ വിരോധം കാട്ടിയില്ല, എനിക്ക് മുഖ്യമന്ത്രിയാകാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞിരുന്നു. നിങ്ങൾ കൂടുതൽ സീറ്റുകൾ നേടിയിട്ടുണ്ട്, മുഖ്യമന്ത്രി നിങ്ങളുടെ പാർട്ടിയിൽ നിന്നായിരിക്കണം. പക്ഷേ, സമ്മർദത്തിനൊടുവിൽ ഞാനത് ഏറ്റെടുത്തു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാം, ഏറ്റവും താഴെത്തട്ടിൽ നിന്ന് മുകളിലേക്ക് ഞാൻ കൈപിടിച്ച് ഉയർത്തിയ വ്യക്തി -എന്നെ വഞ്ചിച്ചു' അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതൃത്വവുമായി അടുപ്പമുള്ള, തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് സംശയിക്കുന്ന മുൻ സഹായി ആർ.സി.പി സിങ്ങിനെയാണ് അദ്ദേഹം പരാമർശിച്ചത്.
ഈ മാസം ആദ്യം, നിതീഷ് കുമാർ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ആർ.ജെ.ഡിയും മറ്റ് പാർട്ടികളും ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.