പാട്ന: ബിഹാറിൽ നിതീഷ് മന്ത്രിസഭ രണ്ടാഴ്ചക്കു ശേഷം വിശ്വാസവോട്ട് തേടും. ആഗസ്റ്റ് 24 മുതലാണ് സഭ സമ്മേളിക്കുക. പുതിയ സർക്കാരിന്റെ പ്രഥമ യോഗത്തിനു ശേഷമാണ് തീരുമാനം. പുതിയ വിശാല മഹാസഖ്യത്തിന് 164 എം.എൽ.എമാരുടെ പിന്തുണയുണ്ട്. 243 അംഗ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 122 പേരുടെ പിന്തുണ മതി. എന്നാൽ സ്പീക്കർ വിജയ് കുമാർ സിൻഹ ഇപ്പോഴും ബി.ജെ.പിക്കൊപ്പമാണ്. സ്പീക്കറെ മാറ്റുക എന്നതാണ് സഖ്യത്തിന്റെ ആദ്യത്തെ ടാസ്ക്.
അതിന്റെ ഭാഗമായി സ്പീക്കർക്കെതിരെ മഹാ വിശാല സഖ്യത്തിലെ 55 എം.എൽ.എമാർ അവിശ്വാസപ്രമേയം നൽകിയിട്ടുണ്ട്. ആഗസ്റ്റ് 25ന് നിതീഷ് കുമാർ വിശ്വാസം തെളിയിക്കുകയും സ്പീക്കറെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാനും കഴിഞ്ഞാൽ സംഗതി ക്ലീൻ ആകുമെന്നാണ് സഖ്യത്തിന്റെ വിലയിരുത്തൽ.
എന്നാൽ ബി.ജെ.പി നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് അവിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ സിൻഹ രാജിവെച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെ വന്നാൽ സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. പൊതുവെ സിൻഹയുമായി അത്ര രസത്തിലല്ല നിതീഷ് കുമാർ. ആരാണ് മികച്ച സഭസാമാജികൻ എന്ന വിഷയത്തിൽ സ്പീക്കറുടെ അധ്യക്ഷതയിൽ നടന്ന ചർച്ച മുമ്പ് ബി.ജെ.പിയുമായി സഖ്യത്തിലിരിക്കെ തന്നെ ജെ.ഡി.യു ബഹിഷ്കരിച്ചിരുന്നു. അഗ്നിപഥ് പദ്ധതിയെ കുറിച്ച് സ്പീക്കർ ചർച്ചക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ചർച്ച ആർ.ജെ.ഡിയും കോൺഗ്രസും ബഹിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.