കർഷക പ്രതിഷേധത്തിന് കാരണം തെറ്റിദ്ധാരണയെന്ന് നിതീഷ് കുമാർ

പട്​ന: കർഷകരുടെ പ്രതിഷേധം തെറ്റിദ്ധാരണകൾ മൂലമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിഷേധങ്ങൾക്കൊപ്പം ചർച്ചകളും നടക്കണമെന്നും അദ്ദേഹം പറഞ്ഞു.'സംഭരണ സംവിധാനത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ കർഷകരുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ സംഭാഷണം നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. തെറ്റിദ്ധാരണകൾ കാരണമാണ് പ്രതിഷേധം നടക്കുന്നത്' -നിതീഷ് കുമാർ പറഞ്ഞു.

ഡൽഹിയിലെയും ഹരിയാനയിലെയും വിവിധ സ്ഥലങ്ങളിൽ കർഷകർ പ്രതിഷേധിക്കുകയും ഡിസംബർ മൂന്നിന് ചർച്ച നടത്താനുള്ള കേന്ദ്രസർക്കാർ വാഗ്​ദാനം നിരസിക്കുകയും ചെയ്​തിരുന്നു. സംഭാഷണം ആരംഭിക്കുന്നതിന് വ്യവസ്ഥകൾ ഏർപ്പെടുത്തുന്നത് തങ്ങളെ അപമാനിക്കുന്നതാണെന്നാണ് അവർ പറഞ്ഞത്.

നേരത്തേ സമരം തീർക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് ഇടപെട്ടെങ്കിലും, ഷാ മുന്നോട്ടു വച്ച ഉപാധികൾ പ്രതിഷേധക്കാർ തള്ളിയിരുന്നു. കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കർഷക സംഘടനകൾ അറിയിച്ചിരുന്നു. ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു സർക്കാറി​െൻറ നിർദേശം. എന്നാൽ, വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിക്കുകയായിരുന്നു.

അതിനിടെ കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെ ബി.ജെ.പി തിരക്കിട്ട് ഉന്നതതല യോഗം ചേര്‍ന്നു. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.