ന്യൂഡൽഹി: ഇന്ത്യയിലെ 440 ജില്ലകളിലെ ഭൂഗർഭജലത്തിൽ നൈട്രേറ്റിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തൽ. 20 ശതമാനം സാമ്പിളുകളിലും അനുവദനീയമായ അളവിൽ കൂടുതലാണ് നൈട്രേറ്റെന്നും കേന്ദ്ര ഭൂഗർഭജല ബോർഡ് (സി.ജി.ഡബ്ല്യു.ബി) റിപ്പോർട്ടിൽ പറയുന്നു. പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നതാണ് ഉയർന്ന നൈട്രേറ്റ് തോത്. ശിശുക്കളിൽ ബ്ലൂ ബേബി സിൻഡ്രോം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.
നൈട്രജൻ അധിഷ്ഠിത രാസവളങ്ങളും മൃഗങ്ങളുടെ അവശിഷ്ടങ്ങളും ഉപയോഗിക്കുന്ന കാർഷിക മേഖലകളിലാണ് ഭൂഗർഭജലത്തിൽ നൈട്രേറ്റിെന്റ അളവ് കൂടുതലായി കാണുന്നത്. 9.04 ശതമാനം സാമ്പിളുകളിലും സുരക്ഷിതമായ പരിധിക്ക് മുകളിൽ ഫ്ലൂറൈഡിെന്റ അളവ് ഉണ്ടെന്നും 3.55 ശതമാനത്തിൽ ആർസെനിക് മലിനീകരണമുണ്ടെന്നും പഠനം വ്യക്തമാക്കി.
2023 മേയിൽ ഭൂഗർഭജലത്തിെന്റ ഗുണനിലവാരം പരിശോധിക്കാൻ രാജ്യവ്യാപകമായി 15,259 സ്ഥലങ്ങളാണ് തിരഞ്ഞെടുത്തത്. ഇതിൽ പ്രശ്നസാധ്യത കൂടുതലുള്ള 25 ശതമാനം കിണറുകളും വിശദമായി പഠിച്ചു. കുടിവെള്ളത്തിനായി ലോകാരോഗ്യ സംഘടനയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സും (ബി.ഐ.എസ്) നിശ്ചയിച്ചിട്ടുള്ള ലിറ്ററിന് 45 മില്ലിഗ്രാം എന്ന നൈട്രേറ്റ് പരിധി 20 ശതമാനം ജലസാമ്പിളുകളും കവിഞ്ഞതായി റിപ്പോർട്ട് കണ്ടെത്തി. രാജസ്ഥാൻ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 40 ശതമാനത്തിലധികം സാമ്പിളുകളിലും പരിധിയിലധികം നൈട്രേറ്റ് ഉണ്ടായിരുന്നു. അതേസമയം ഉത്തർപ്രദേശ്, കേരളം, ഝാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ നൈട്രേറ്റിെന്റ അളവ് കുറവാണെന്നും പഠനത്തിൽ വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.