ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പ്​: ആരുമായും സഖ്യത്തിനില്ല – മുലായം

ലഖ്നോ: വരുന്ന ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാകില്ലെന്ന് സമാജ്​വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയില്‍ ആര്‍ക്ക് വേണമെങ്കിലും ലയിക്കാം പക്ഷേ തെരഞ്ഞെടുപ്പിന് മുമ്പ്​ആരുമായും സഖ്യത്തിനില്ലെന്ന് മുലായം വ്യക്തമാക്കി. ബി.ജെ.പിയെ നേരിടാന്‍ ബീഹാര്‍ മോഡല്‍ മഹാസഖ്യം ഉത്തര്‍പ്രദേശിലും തുടരുമെന്നുള്ള റി​പ്പോർട്ടുകൾ മുലായം തള്ളി.

കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പുതന്ത്രം മെനയുന്ന പ്രശാന്ത് കിഷോറുമായി ഡല്‍ഹിയിലും ലഖ്നോയിലും മുലായവും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും മാരത്തോണ്‍ ചര്‍ച്ച നടത്തിയതാണ് മഹാസഖ്യത്തെക്കുറിച്ച ഊഹാപോഹത്തിനിടയാക്കിയത്. രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ്ങുമായും മുലായം ചര്‍ച്ച നടത്തിയിരുന്നു. നവംബര്‍ അഞ്ചിന് ലഖ്നോയില്‍ സമാജ്വാദി പാര്‍ട്ടിയുടെ രജതജൂബിലി ആഘോഷച്ചടങ്ങില്‍ ജനതാദള്‍ (എസ്) നേതാവ് ദേവഗൗഡ അടക്കമുള്ള ജനതാപരിവാര്‍ നേതാക്കള്‍ പങ്കെടുത്തതും സഖ്യത്തെക്കുറിച്ച സൂചന നല്‍കിയിരുന്നു. പാര്‍ട്ടികള്‍ക്ക് സീറ്റ് വീതം വെക്കുന്നതിനെക്കുറിച്ച് ഉണ്ടാകാനിടയുള്ള തര്‍ക്കമാണ് സമാജ്​വാദി പാര്‍ട്ടിയെ ഒറ്റക്കു മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

2015ല്‍ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു, ആര്‍.ജെ.ഡി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ബി.ജെ.പിക്കെതിരെ വന്‍ജയം നേടിയിരുന്നു. തുടക്കത്തില്‍ മഹാസഖ്യത്തിന്‍െറ ഭാഗമായിരുന്ന സമാജ്​വാദി പാര്‍ട്ടി സീറ്റുതര്‍ക്കത്തെ തുടര്‍ന്ന് സഖ്യം വിടുകയായിരുന്നു.

Tags:    
News Summary - no alliance in uttar pradesh poll, only merger possible says mulayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.