ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്‍റെ ഭാഗമായി വൻ സുരക്ഷ സന്നാഹമാണ് ഉത്തർപ്രദേശ് പൊലീസും കേന്ദ്രസേനകളും ഒരുക്കിയിരിക്കുന്നത്. കൂടാതെ ദുരന്തനിവാരണസേനയും രംഗത്തുണ്ട്. അനുമതിയില്ലാത്ത ഒരു വാഹനംപോലും അയോധ്യയിലേക്ക് കടത്തിവിടുന്നില്ല. അനുമതിയില്ലാതെ നേരത്തേ അയോധ്യയിലെത്തിയ വാഹനങ്ങളും റോഡിലിറങ്ങാൻ അനുവദിക്കില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകളും പൂജകളുമാണ് അയോധ്യയിൽ പ്രതിഷ്ഠയോടനുബന്ധിച്ച് നടക്കുന്നത്. എണ്ണായിരംപേരെയാണ് തിങ്കളാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിക്കാത്തവർക്ക് മുറികൾ നൽകേണ്ടതില്ലെന്ന കർശന നിർദേശമാണ് ഹോട്ടലുകൾക്ക് അധികൃതർ നൽകിയിട്ടുള്ളത്. അനുമതിയുള്ളവർ തന്നെയാണോ ഹോട്ടലുകളിൽ താമസിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ശനിയാഴ്ച പരിശോധന നടത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് ഹ്രസ്വമായ ചടങ്ങുകളാണുണ്ടാവുക. കാശിയിലെ ലക്ഷ്മീകാന്ത് ദീക്ഷിത് ചടങ്ങിൽ മുഖ്യ കാർമികത്വം വഹിക്കും. പ്രാണപ്രതിഷ്ഠ കഴിഞ്ഞാലും അയോധ്യയിലെ ജനത്തിരക്ക് കുറയുന്നതുവരെ സുരക്ഷ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.