ഡെല്‍റ്റ പ്ലസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമോ? തീര്‍ത്തുപറയാനാവില്ലെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: കോവിഡ് 19ന് ഇനിയൊരു മൂന്നാം തരംഗം വരാനുണ്ടെന്നും കരുതിയിരിക്കണമെന്നുമുള്ള മുന്നറിയിപ്പ് ആരോഗ്യ വിദഗ്ധരും കേന്ദ്ര സര്‍ക്കാറും നല്‍കിക്കഴിഞ്ഞു. മൂന്നാംതരംഗം മുന്നില്‍ കണ്ട് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ രാജ്യത്ത് വേഗത്തിലാക്കിയിരിക്കുകയാണ്. അതിനിടെയാണ്, അതിതീവ്ര വ്യാപനശേഷിയുള്ള ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ വിവിധയിടങ്ങളില്‍ സ്ഥിരീകരിച്ചത്. അതിവേഗം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കടുത്ത ജാഗ്രതയാണ് അധികൃതര്‍ നല്‍കിയത്. അതേസമയം, ഡെല്‍റ്റ പ്ലസ് വൈറസ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് തീര്‍ത്തുപറയാന്‍ മതിയായ തെളിവുകളില്ലെന്നാണ് ജനിതകശാസ്ത്ര വിദഗ്ധനായ ഡോ. അനുരാഗ് അഗര്‍വാള്‍ അഭിപ്രായപ്പെടുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് ബയോളജി (ഐ.ജി.ഐ.ബി) ഡയറക്ടറായ ഡോ. അനുരാഗ് അഗര്‍വാളിന്റെ അഭിപ്രായത്തില്‍, മൂന്നാംതരംഗത്തെ കുറിച്ച് ആശങ്കപ്പെടുന്നതിനേക്കാള്‍ നിലവിലെ രണ്ടാംതരംഗം അവസാനിക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. ഡെല്‍റ്റ പ്ലസിന് മൂന്നാംതരംഗം സൃഷ്ടിക്കാനാകുമെന്ന് ഈ സാഹചര്യത്തില്‍ പറയാന്‍ തെളിവുകളില്ല -അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ നിന്നുള്ള 3500 സാംപിളുകള്‍ ജൂണ്‍ മാസത്തില്‍ ഐ.ജി.ഐ.ബിയില്‍ ജനിതക ശ്രേണീകരണം നടത്തിയിട്ടുണ്ട്. ഡെല്‍റ്റാ പ്ലസ് വകഭേദം അവിടെ ധാരാളമായുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാല്‍, ഇത് വെറും ഒരു ശതമാനം മാത്രമേ വരൂ. എവിടെയും വളരെ ഉയര്‍ന്ന തോതില്‍ ഡെല്‍റ്റ പ്ലസ് വ്യാപിച്ചിട്ടില്ലെന്നും ഡോ. അഗര്‍വാള്‍ പറയുന്നു. ജനങ്ങള്‍ ഡെല്‍റ്റാ പ്ലസിനെ കുറിച്ച് അത്രയേറെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിലവിലെ രണ്ടാംതരംഗത്തെയാണ് ശ്രദ്ധിക്കേണ്ടത്.

ഡെല്‍റ്റ പ്ലസിനെ ആശങ്കയുയര്‍ത്തുന്ന വകഭേദമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം വരെ 40 പേരിലാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രത്യേക മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ നിലവില്‍ മൂന്ന് പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചത്.

Tags:    
News Summary - No Evidence Delta Plus Will Cause Possible 3rd Wave: Top Genome Sequencer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.