ന്യൂഡൽഹി: ഏറ്റുമുട്ടലുണ്ടായ കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ സൈനികരെ കാണാതായെന്ന റിപ്പോർട്ട് നിഷേധിച്ച് ഇന്ത്യൻ സൈന്യം. ഗൽവാൻ മേഖലയിൽനിന്ന് ഒരു സൈനികനെ പോലും കാണാതായിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ 20 സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യൻ സൈനികരെ കാണാതായതായും ഇവർ ചൈനീസ് സൈന്യത്തിന്‍റെ പിടിയിലായിട്ടുണ്ടാകാമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.
പരിക്കേറ്റ 76 ഇന്ത്യൻ സൈനികരിൽ 18 പേരാണ് ആശുപത്രിയിലുള്ളതെന്നും ആർക്കും ഗുരുതരമല്ലെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. നിസാര പരിക്കേറ്റ 58 സൈനികർ ഒരാഴ്ചക്കുള്ളിൽ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
45 വർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുണ്ടാകുന്ന ഏറ്റവും വലിയ സംഘർഷമാണ് ഗൽവാനിലേത്. ഏറ്റുമുട്ടലിൽ ചൈനയുടെ ഭാഗത്ത് അത്യാഹിതം സംഭവിച്ചിട്ടുണ്ടെങ്കിലും മരണസംഖ്യയോ പരിക്കേറ്റവരുടെ എണ്ണമോ ചൈന ഒൗദ്യോഗികമായി പ്രസ്താവിച്ചിട്ടില്ല. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് അനുമതി നൽകിയാൽ ഇത് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
40ഓളം ചൈനീസ് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല. ചൈനയുടെ 35 സൈനികർ കൊല്ലപ്പെട്ടതായി യു.എസ് ഇന്‍റലിജൻസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.