ന്യൂഡൽഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് സുപ്രീംകോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഝാർഖണ്ഡ് മുക്തി മോർച്ച(ജെ.എം.എം)ക്ക് വേണ്ടി പ്രചാരണം നടത്താനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നഭ്യർഥിച്ചാണ് സോറൻ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയ കാര്യവും സോറൻ ഹരജിയിൽ പരാമർശിച്ചിരുന്നു.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് സോറന്റെ ഹരജി പരിഗണിച്ചത്. അറസ്റ്റിനെതിരെ സോറൻ നൽകിയ ഹരജി ഈമാസാദ്യം ഝാർഖണ്ഡ് ഹൈകോടതിയും തള്ളിയിരുന്നു.
വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നുകേസുകളാണ് സോറനെതിരെ ഇ.ഡി. രജിസ്റ്റർചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇ.ഡി. സോറനെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.