ന്യൂഡൽഹി: തട്ടിക്കൊണ്ടുപോയ ഇരയോട് പ്രതി നന്നായി പെരുമാറിയാൽ കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രിം കോടതി. തെലങ്കാനയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ ഓട്ടോ ഡ്രൈവർക്ക് കീഴ്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചില്ലെന്നാരോപിച്ച് പിതാവ് നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഡി എന്നിവർ അംഗങ്ങളായ ബെഞ്ചിെൻറ നിരീക്ഷണം.
വ്യക്തിയെ തട്ടിക്കൊണ്ട് പോകുക അല്ലെങ്കിൽ തടവിൽ പാർപ്പിക്കുക, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപിക്കുക, മോചന ദ്രവ്യം നൽകിയില്ലെങ്കിൽ ഇരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക എന്നീ മൂന്ന് സുപ്രധാന കാര്യങ്ങൾ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടാൽ ഐ.പി.സി 364എ പ്രകാരം പ്രതിക്കെതിരെ ജീവപര്യന്തം ശിക്ഷ വിധിക്കാം. എന്നാൽ, ഒന്നാമത്തെ നിബന്ധനകൾക്കൊപ്പം രണ്ടും മൂന്നും നിബന്ധനകൾ കൂടി തെളിയിക്കപ്പെടണം. അല്ലാത്ത പക്ഷം ജീവപര്യന്തം നിലനിൽക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
2011ൽ ആണ് ഓട്ടോ ഡ്രൈറായ അഹമ്മദ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്. കുട്ടിയുടെ പിതാവ് മോചന ദ്രവ്യം നൽകുന്നതിനിടെ പ്രതി പൊലീസ് പിടിയിലായി. പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകൽ, മോചന ദ്രവ്യം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ പൂർണമായും തെളിഞ്ഞെങ്കിലും ജീവപര്യന്തത്തിന് ആധാരമായ കുറ്റകൃത്യം തെളിയിക്കാനായില്ലെന്ന് കീഴ്കോടതി വ്യക്തമാക്കുകയായിരുന്നു. ഈ വിധിയാണ് സുപ്രിം കോടതി അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.