ന്യൂഡൽഹി: ലൈംഗികാതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള സമരം ഇനി തെരുവിലുണ്ടാകില്ലെന്നും കോടതിയിൽ പോരാട്ടം തുടരുമെന്നും ഗുസ്തി താരങ്ങൾ. കേസില്‍ നീതി കിട്ടുംവരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരും, പക്ഷേ അത് തെരുവില്‍ ആയിരിക്കില്ല കോടതിയില്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഒളിമ്പിക് മെഡൽ ജേതാക്കളായ വിനേഷ് ഫോഗട്ട്, സാക്ഷി മലിക്, ബജ്‌രംഗ് പൂനിയ അടക്കമുള്ളവർ ട്വീറ്റ് ചെയ്തു.
ബ്രിജ്ഭൂഷണിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതോടെ സര്‍ക്കാര്‍ വാക്കുപാലിച്ചു. കൂടിക്കാഴ്ചയിൽ കായിക മന്ത്രി വാഗ്ദാനം ചെയ്ത പ്രകാരം, ഗുസ്തി ഫെഡറേഷൻ പരിഷ്‌കരണം, തെരഞ്ഞെടുപ്പ് നടപടികള്‍ അടക്കം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 11ന് നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കാന്‍ കാത്തിരിക്കുകയാണെന്നും താരങ്ങൾ പങ്കുവെച്ച ട്വീറ്റിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിൽ താൽക്കാലത്തേക്ക് മാറിനിൽക്കുകയാണെന്നും താരങ്ങൾ മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.
കേസ് കോടതിയുടെ പരിഗണനയിലാണെന്നും പ്രതികരിക്കാനില്ലെന്നും ഗുസ്തി താരങ്ങളുടെ ട്വീറ്റിന് പ്രതികരണമായി ബ്രിജ് ഭൂഷൺ പറഞ്ഞു. ബ്രിജ് ഭൂഷനെതിരെ ആറു കായിക താരങ്ങളുടെ പരാതിയിൽ, കേസിൽ ഇന്ത്യൻ ശിക്ഷാ നിയമം 354, 354 എ, 354 ഡി വകുപ്പുകൾ ചുമത്തി 1500 പേജുള്ള കുറ്റപത്രം ജൂൺ 15നാണ് ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതോടൊപ്പം ബ്രിജ് ഭൂഷണിന് ആശ്വാസമായി, പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ കേസ് ചുമത്തുന്നതിനാവശ്യമായ തെളിവ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 552 പേജുള്ള റിപ്പോർട്ടും പൊലീസ് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.