മുംബൈ: തന്‍റെ വസതിയിൽ നടത്തിയ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) നോട്ടീസിന് അഭിഭാഷകൻ മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കരൺ ജോഹർ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പാർട്ടിയിലെ ഏതാനും വിഡിയോ ദൃശ്യങ്ങൾ എൻ.സി.ബി മുമ്പാകെ പെൻഡ്രൈവിൽ ഹാജരാക്കിയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, തന്നെയും കുടുംബത്തെയും സഹപ്രവർത്തകരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നാണ് സംഭവത്തെ കുറിച്ച് കരൺ ജോഹർ പ്രതികരിച്ചത്.
2019 ജൂലൈയിൽ ബോളിവുഡ് താരങ്ങൾക്കായി കരൺ ജോഹർ നടത്തിയ പാർട്ടിയുടെ വിഡിയോയും വിഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച കാമറയും മൊബൈലും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.ബി വ്യാഴാഴ്ച നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കരൺ ജോഹർ ജൂലൈയിൽ നടത്തിയ പാർട്ടിയിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, രൺബീർ കപൂർ, വിക്കി കുഷാൽ, ഷാഹിദ് കപൂർ, അർജുൻ കപൂർ, വരുൺ ധവാൻ, മലൈക അറോറ, സോയ അക്തർ, അയാൻ മുഖർജി തുടങ്ങിയവർ പങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന ആരോപണത്തെ തുടർന്നാണ് എൻ.സി.ബി ഇതും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയത്.
നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണത്തെ തുടർന്നാണ് ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള അന്വേഷണം ഉൗർജിതമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.