വാഷിങ്ടൺ: അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരിൽ നിന്നും പഠിക്കേണ്ട ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. കാനഡയെ രൂക്ഷമായി വിമർശിച്ചാണ് ജയ്ശങ്കറിന്റെ പ്രസ്താവന. തീവ്രവാദത്തിനും അക്രമത്തിനും കാനഡ നൽകുന്ന അനുവാദമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും ജയ്ശങ്കർ പറഞ്ഞു.
ഇന്ത്യ ജനാധിപത്യ രാജ്യമാണ്. അഭിപ്രായസ്വാതന്ത്ര്യം മറ്റുള്ളവരിൽ നിന്നും പഠിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. അഭിപ്രായ സ്വാതന്ത്ര്യം അക്രമത്തിന് പ്രോൽസാഹനം നൽകുന്നതാവരുതെന്നാണ് ഇന്ത്യയുടെ നിലപാട്. അത് സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണെന്നും ജയ്ശങ്കർ പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണവും ഇന്ത്യ വിരുദ്ധ പോസ്റ്ററുകളും ചൂണ്ടിക്കാട്ടിയാണ് ജയ്ശങ്കർ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം എസ്.ജയ്ശങ്കർ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്ലിങ്കണുമായുള്ള കൂടിക്കാഴ്ചയിൽ കാനഡ പ്രശ്നം ചർച്ചയായെന്ന് എസ്.ജയ്ശങ്കർ പിന്നീട് പ്രതികരിച്ചിരുന്നു. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉയർത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളായത്. തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്രി പ്രതിനിധികളെ പിൻവലിക്കുകയും ഇന്ത്യ വിസ സേവനങ്ങൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.