പാട്ന: മന്ത്രിസഭാംഗങ്ങളായ രാഷ്ട്രീയ ജനത ദൾ നേതാക്കൾക്ക് പുതിയ നിർദേശങ്ങളുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. സ്വന്തം ആവശ്യങ്ങൾക്കായി പുതിയ വാഹനങ്ങൾ വാങ്ങരുതെന്നും പ്രായമായവരെ കൊണ്ട് കാൽതൊട്ട് വന്ദിപ്പിക്കരുതെന്നുമാണ് നിർദേശം. മന്ത്രിമാർക്ക് സൗമ്യമായ പെരുമാറ്റം വേണം. എല്ലാവരോടും മര്യാദയോടെ പെരുമാറണം.
പാവപ്പെട്ടവരെയും സഹായം ആവശ്യമുള്ളവരെയും കൈവിടരുത്. ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളെ വേർതിരിക്കരുതെന്നും തേജസ്വി നിർദേശം നൽകി. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് ആർ.ജെ.ഡി മന്ത്രിമാർക്കായി തേജസ്വി യാദവ് നിർദേശങ്ങൾ കുറിച്ചിട്ടത്. പ്രായമായവരെ കൊണ്ട് കാൽ തൊട്ട് വന്ദിപ്പിക്കുന്നതിനു പകരം നമസ്തേ പറയാം. അല്ലെങ്കിൽ അവർക്ക് സല്യൂട്ട് നൽകാമെന്നും തേജസ്വി കുറിച്ചു. പൂച്ചെണ്ടുകൾ സമ്മാനമായി നൽകുന്നതിനു പകരം മന്ത്രിമാർ പേനയും പുസ്തകവും കൈമാറണമെന്നും അദ്ദേഹം നിർദേശം വെച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ എല്ലാ വകുപ്പുകളുടെയും ഉന്നമനത്തിനായി ശ്രദ്ധചെലുത്തണമെന്നും മുഖ്യമന്ത്രിയുടെ വികസന പദ്ധതികൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണമെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്. ബിഹാറിൽ അഞ്ചുവർഷത്തെ ഇടവേളക്കു ശേഷമാണ് ആർ.ജെ.ഡിക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.