ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് ആറാഴ്ച പിന്നിടുമ്പോഴും പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞയാഴ്ച പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരുടെ മൂന്നു രേഖാചിത്രങ്ങൾ പുറത്തുവിട്ടെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന തുമ്പുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. മുന്നോട്ടുള്ള അന്വേഷണം വഴിമുട്ടിയതോടെ എസ്.ഐ.ടിയിലെ ഉദ്യോഗസ്ഥരോട് പതിവു ജോലികളിലേക്ക് മടങ്ങാനും മറ്റു കേസുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും നിർദേശം നൽകി.
കഴിഞ്ഞദിവസം ബംഗളൂരുവിൽ ചേർന്ന യോഗത്തിലാണ് സിറ്റി പൊലീസ് കമീഷണർ ടി. സുനിൽ കുമാർ എസ്.ഐ.ടിയിലെ ഉദ്യോഗസ്ഥരോട് സ്വന്തം സ്റ്റേഷനുകളിലെത്തി പതിവു ജോലികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടത്. ഇതോടൊപ്പം തന്നെ ഗൗരി വധക്കേസ് അന്വേഷണവും കൊണ്ടുപോകാനാണ് നിർദേശം. സെപ്റ്റംബർ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഗൗരി കൊലയാളികളുടെ വെടിയേറ്റ് മരിക്കുന്നത്. തൊട്ടടുത്ത ദിവസം ഐ.ജി ബി.കെ. സിങ്ങിെൻറ നേതൃത്വത്തിൽ 21 അംഗ സംഘം അന്വേഷണവും തുടങ്ങി.
പ്രതിഷേധം ശക്തമായതോടെ അന്വേഷണം വേഗത്തിലാക്കാൻ 40 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്.ഐ.ടി വിപുലപ്പെടുത്തി. ബംഗളൂരുവിലെ സി.ഐ.ഡി ആസ്ഥാനത്ത് വധത്തിനു പിന്നിലെ ചുരുളഴിക്കാനായി വിശ്രമമില്ലാത്ത ജോലിയിലായിരുന്നു എസ്.ഐ.ടി. ഇതിനിടെയാണ് പ്രതികളുടെ മൂന്നു രേഖാചിത്രം പുറത്തുവിട്ട് പൊതുജനങ്ങളുടെ സഹായം തേടിയത്. എന്നാൽ, അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള തെളിവുകളൊന്നും എസ്.ഐ.ടിക്ക് കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.