ന്യൂഡൽഹി: കോൺഗ്രസില്ലാതെ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ മുന്നണി സാധ്യമല്ലെന്നും 2024ലെ തെരഞ്ഞെടുപ്പിൽ സഖ്യം രൂപവത്കരിക്കുകയാണെങ്കിൽ പാർട്ടിക്ക് മുഖ്യ പങ്കുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ആസന്നമായ കർണാടക തെരഞ്ഞെടുപ്പും ഈ വർഷം നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളുമാണ് കോൺഗ്രസിന്റെ പ്രഥമ പരിഗണന. അതിനാൽ ഇതേക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് നേരത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും അകലം പാലിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും എസ്.പി നേതാവ് അഖിലേഷ് യാദവും വ്യക്തമാക്കിയതിന് പിറകെയാണ് ജയ്റാം രമേശിന്റെ പ്രതികരണം. പ്രതിപക്ഷ സഖ്യത്തിന് ശക്തമായ കോൺഗ്രസ് ആവശ്യമാണ്. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുതിർന്ന നേതാക്കളും ഇതിനായി ആവശ്യമായ തന്ത്രങ്ങൾ തയാറാക്കും. 2024 ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടികളുമായി ചർച്ച നടത്തും.
അദാനിക്കെതിരായ പ്രതിഷേധത്തിൽ നിന്ന് തൃണമൂൽ വിട്ടുനിന്നതും എൻ.സി.പി പിന്തുണക്കാത്തതും പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ല. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി (ജെ.പി.സി) അന്വേഷണത്തിന് 16 പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിന്നിട്ടുണ്ട്. രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെയും മറ്റ് നീക്കങ്ങളെയും നേരിടാൻ പാർട്ടിക്ക് കഴിയുമെന്നും ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.