'താജ്മഹൽ നിർമിച്ചത് ഷാജഹാൻ അല്ല; യാഥാർഥ്യം കണ്ടെത്താൻ സമിതിയുണ്ടാക്കണം' -സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: താജ്മഹൽ നിർമിച്ചത് ഷാജഹാൻ ആണെന്നതിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും യഥാർഥ ചരിത്രം പുറത്തുകൊണ്ടുവരാൻ സമിതിയുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡോ. രജനീഷ് സിങ് എന്നയാളാണ് ഹരജി സമർപ്പിച്ചത്.

ഷാജഹാനാണ് താജ്മഹൽ നിർമിച്ചതെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ലഭ്യമല്ലെന്ന് എൻസിഇആർടി തനിക്ക് വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയതായി അഭിഭാഷകനായ സമീർ ശ്രീവാസ്തവ മുഖേന സമർപ്പിച്ച ഹരജിയിൽ രജനീഷ് സിങ് പറയുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ വിവരാവകാശ നിയമപ്രകാരം മറ്റൊരു അപേക്ഷ നൽകിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ഇയാൾ പറയുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ ഭാര്യ മുംതാസിനായി 1631 മുതൽ 1653 വരെ 22 വർഷമെടുത്താണ് താജ്മഹൽ പണികഴിപ്പിച്ചതെന്നാണ് ചരിത്രം.

ഇതേ ആവശ്യമുന്നയിച്ച് സിങ് അലഹബാദ് ഹൈകോടതിയിലും ഹരജി നൽകിയിരുന്നു. താജ്മഹലിലെ സീൽ ചെയ്ത 22 മുറികൾ പഠനത്തിനും പരിശോധനയ്ക്കുമായി തുറക്കാൻ നിർദേശിക്കണമെന്നും ഹൈകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോടതിയിൽ തീർപ്പാക്കേണ്ട വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിന്റെ ഹരജി ഹൈകോടതി മെയ് 12ന് തള്ളി. ഇതിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുഗൾ ഭരണാധികാരികൾ നിർമ്മിച്ച സ്മാരകങ്ങളെ ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിക്കുന്നതിനെതിരെയും ഇയാൾ രംഗത്തുവന്നിരുന്നു.  

Tags:    
News Summary - "No Scientific Evidence To Prove Shah Jahan Built Taj Mahal" : Plea In Supreme Court Seeks "Real History" Of Taj Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.