പനാജി: ഗോവയിൽവെച്ച് മരിച്ച ഹരിയാനയിലെ ബി.ജെ.പി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് പൊലീസ്. മൃതദേഹ പരിശോധന നടത്തിയ വനിത പൊലീസിന് സൊനാലിയുടെ ശരീരത്തിൽ ആഴത്തിലുള്ള പരിക്കുകൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് ഗോവ ഐ.ജി. ഒ.എസ്. ബിഷ്ണോയ് മാധ്യമങ്ങളോട് പറഞ്ഞു.
സൊനാലിയുടെ മരണത്തിൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്. സഹോദരൻ പരാതി നൽകിയ സാഹചര്യത്തിൽ പി.എ ഉൾപ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഐ.ജി. വ്യക്തമാക്കി.
സൊനാലിക്കൊപ്പം ഗോവ അഞ്ജുനയിലെത്തിയ പി.എ സുധീർ സാങ്‍വാൻ, സഹായി സുഖ്വിന്ദർ വസി എന്നിവരെയാണ് പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
അതേസമയം, ഒന്നിലധികം മുറിവുകൾ സൊനാലിയുടെ ദേഹത്തുണ്ടായിരുന്നുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ചെറിയ മുറിവുള്ളതായി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മരണകാരണം എന്താണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. ആന്തരികാവയവങ്ങൾ രാസ പരിശോധനക്ക് അയക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ആഗസ്റ്റ് 22നാണ് സൊനാലി സഹായികൾക്കൊപ്പം ഗോവയിലെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 23ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം. ഇതിന് പിന്നാലെ സൊനാലിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. ബന്ധുക്കൾ ദൂരുഹത ആരോപിച്ചതിനാൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു.
സൊനാലിയുടെ സഹായികൾക്കെതിരെ സഹോദരൻ റിങ്കു ധാക്കയാണ് പരാതി നൽകിയത്. മരണത്തിനുമുമ്പ് അമ്മയും സഹോദരിയും സഹോദരിയുടെ ഭർത്താവുമായും സൊനാലി ഫോണിൽ സംസാരിച്ചിരുന്നു. ശബ്ദം പതറിയിരുന്നു. സൊനാലിയെ സഹായികൾ മാനഭംഗപ്പെടുത്തിയതായും വിഡിയോ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും റിങ്കു പറയുന്നു.
സഹോദരിയുടെ രാഷ്ട്രീയഭാവി തകർക്കുമെന്ന് സഹായി സുധീർ സാങ്‍വാൻ ഭീഷണിപ്പെടുത്തി. ഫോണും സ്വത്തിന്റെ രേഖകളും എ.ടി.എം കാർഡുകളും കൈയിലാക്കി. സൊനാലിയുടെ ഹരിയാനയിലെ ഫാംഹൗസിലെ സി.സി.ടി.വി കാമറകളും ലാപ്ടോപ്പും മറ്റും മരണത്തിന് ശേഷം മാറ്റിയെന്നും സഹോദരൻ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.