തർക്കം മുറുകി; ഫല പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ബി.ജെ.പിക്ക് മുഖ്യമന്ത്രിമാരായില്ല; ഒത്തു തീർക്കാൻ നിരീക്ഷകർ

ന്യൂഡൽഹി: മധ്യപ്രദേശിലും ഛത്തിസ്ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരാകാൻ നേതാക്കൾ കടുത്ത മൽസരത്തിലായതോടെ ബി.ജെ.പിയിലെ തർക്കം മുറുകി. ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കുപ്പായം തയ്ച്ച നേതാക്കൾ തമ്മിൽ മൽസരം മുറുകിയ സാഹചര്യത്തിൽ ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ ആർക്ക് എന്നറിഞ്ഞ് പ്രശ്നം ഒത്തു തീർക്കാൻ ബി.ജെ.പി മൂന്ന് സംസ്ഥാനങ്ങളിലേക്കും മൂന്ന് വീതം നിരീക്ഷകരെ നിയോഗിച്ചു.

മുഖ്യമന്ത്രി പദത്തിനായി ഡൽഹിയിൽ ഓടിയെത്തിയ മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ ശക്തിപ്രകടനത്തിനായി തന്നോടൊപ്പം നിൽക്കുന്ന 35 എം.എൽ.എമാരെ വിളിച്ചുകൂട്ടിയത് പുറത്തായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അവരെ പൂർണമായും തഴഞ്ഞുവെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. അതേസമയം ഡൽഹിയിലെത്തി വസുന്ധര, നഡ്ഢയെ കണ്ടപ്പോൾ മുഖ്യമന്ത്രി പദം മോഹിച്ച് മഹന്ത് ബാലക്നാഥ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വസുന്ധര പുറത്തായെന്ന് കരുതുന്ന ബി.ജെ.പി വൃത്തങ്ങളിൽ നിന്ന് ബാലക്നാഥിന് പുറമെ കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പേരാണ് കേൾക്കുന്നത്.

രാജസ്ഥാൻ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, രാജ്യസഭാ എം.പി സരോജ് പാണ്ഡെ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ എന്നിവരെയാണ് നിരീക്ഷകരായി നിയോഗിച്ചത്.

തന്നെ മാറ്റുമെന്ന് സൂചന ലഭിച്ച നിലവിലുള്ള മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ താൻ മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തിനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. അതോടെ മൽസരിച്ച് നിയമസഭയിലേക്ക് എത്തി എം.പി സ്ഥാനം രാജിവെച്ച കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് പട്ടേലിനോടും നരേന്ദ്ര സിങ് തോമറിനോടും ഒപ്പം കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗ്യയും മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിനായി ശക്തമായ മൽസരത്തിലാണ്.

ഇവർ തമ്മിലുള്ള മൽസരത്തിനിടയിൽ ഒരു ഒത്തു തീർപ്പ് മുഖത്തെ കണ്ടെത്താൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ബി.ജെ.പി ഒ.ബി.സി മോർച്ച ദേശീയ പ്രസിഡന്റ് ഡോ. കെ. ലക്ഷ്മൺ, ദേശീയ സെക്രട്ടറി ആശ ലാക്ഡാ എന്നിവരെയാണ് നിരീക്ഷകരായി മധ്യപ്രദേശിലേക്ക് വിടുന്നത്. ചർച്ചകളിൽ നിന്ന് തുടക്കം തൊട്ട് മാറ്റി നിർത്തപ്പെട്ട ഛത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി രമൺ സിങ് മൗനത്തിലായതോടെ ഒ.പി. ചൗധരി, രേണുകാ സിങ് എന്നിവർ തമ്മിലാണ് മുഖ്യമന്ത്രി പദത്തിനായുള്ള മൽസരം. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ടെ, സർബാനന്ദ സോനോവാൾ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവരാണ് ഛത്തിസ്ഗഢിലേക്ക് ബി.ജെ.പി നിരീക്ഷകരായി നിയോഗിച്ചത്.

Tags:    
News Summary - No Sign From BJP of Who Will Be Chief Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.