ഹരിയാനയിലെ ക്ഷേ​ത്രത്തിന് സമീപം ഒരു സ്ത്രീയും ബലാത്സംഗത്തിനിരയായിട്ടില്ല; ആരെയും തട്ടിക്കൊണ്ടുപോയി ജീവനോടെ കത്തിച്ചിട്ടില്ല -പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് എ.ഡി.ജിപി

ചണ്ഡീഗഢ്: വർഗീയ സംഘർഷം നടന്ന ഹരിയാനയിലെ മേവത്തിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയെന്നും അവരെ ക്ഷേത്രത്തിനു മുന്നിലൂടെ വലിച്ചിഴച്ചെന്നും സമീപത്തെ വയലുകളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും പ്രചരിക്കുന്ന റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമെന്ന് ഹരിയാന എ.ഡി.ജി.പി മമത സിങ്.

ജൂലൈ 31 മുതൽ ക്ഷേത്രത്തിനു സമീപം ത​ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമുണ്ടെന്നും ഇവിടെ വെച്ച് ഒരു സ്‍ത്രീ പോലും ബലാത്സംഗത്തിനിരയായിട്ടില്ലെന്നും ഒരാളെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും മമത സിങ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങൾ വഴി ആരെങ്കിലും ഇത്തരത്തിലുള്ള തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും അവർ മുന്നറിയിപ്പു നൽകി.

വലതുപക്ഷ സംഘങ്ങളുടെ പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്ന യൂട്യൂബ് അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരം വസ്തുതയില്ലാത്ത വാർത്തകൾ പ്രചരിക്കുന്നത്. ദൃക്സാക്ഷികളെന്ന പേരിൽ ചിലരാണ് സ്‍ത്രീകൾക്കു നേരെ നടന്ന അതിക്രമത്തെ കുറിച്ച് ചാനലിനോട് വിവരിക്കുന്നത്.

ക്ഷേത്രത്തിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി, നിരവധി പേരെ ബലാത്സംഗം ചെയ്തു, സ്‍ത്രീകളെയും കുട്ടികളെയും ജീവനോടെ കത്തിച്ചു തുടങ്ങിയ വാർത്തകളാണ് ഇത്തരം യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വലതുപക്ഷ പ്രചാരണങ്ങ​ൾ തിരിച്ചറിയണമെന്ന് പറഞ്ഞ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് എ.ഡി.ജി.പിയുടെ വിഡിയോ പങ്കുവെച്ചത്.

പ്രചരിക്കുന്നതെല്ലാം നേരത്തേ തന്നെ തള്ളിക്കളഞ്ഞതാണെന്നാണ് മമത സിങ് ആൾട്ട് ന്യൂസിനോട് പറയുന്നത്. വർഗീയ സംഘർഷം തുടങ്ങിയ നാൾ തൊട്ട് ഇന്നുവ​രെ സ്ത്രീക​ൾ ബലാത്സംഗം ​ചെയ്യപ്പെട്ടു എന്ന തരത്തിലുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും എ.ഡി.ജി.പി വ്യക്തമാക്കി. ഈ യൂട്യൂബ് ചാനലുകളുമായി ഹരിയാന പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടാകുമെന്നും ദൃക്സാക്ഷികളെന്ന നിലയിൽ ചാനലുകളുമായി സംസാരിച്ച ആളുകളുടെ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു. ഈ യൂട്യൂബ് ചാനലുകൾ മുസ്‍ലിം വിരുദ്ധത പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. പ്രധാനമായും എ2ഇസെഡ് ന്യൂസ് ടി.വി, ലീഡിങ് ഭാരത് ടി.വി, ഹിന്ദുസ്ഥാൻ 9 ന്യൂസ് എന്നീ യൂട്യൂബ് ചാനലുകളാണ് വർഗീയ വിദ്വേഷം പരത്തുന്നതെന്നും മുഹമ്മദ് സുബൈറി​ന്റെ ട്വീറ്റിൽ പറയുന്നു.

Tags:    
News Summary - No women was kidnapped, rape or molested in or near the temple says ADGP Law and order Mamata Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.