നോയിഡ ടവറുകൾ പൊളിക്കാൻ തയാറെടുപ്പുകൾ പൂർത്തിയായി

ന്യൂഡൽഹി: നോയിഡയിലെ ഇരട്ട ടവർ പൊളിക്കുന്നതിന് 15 മിനുട്ട് മുമ്പ് നോയിഡ എക്‌സ്പ്രസ് വേ അടച്ചിടും. ടവറുകൾ പൊളിച്ച് കഴിഞ്ഞ് 15 മിനുട്ടിന് ശേഷം മാത്രമേ എക്സ്പ്രസ് വേ തുറന്നു കൊടുക്കൂവെന്ന് അധികൃതർ. സൂപ്പർടെക് ഇരട്ട ടവറുകൾ ഇന്ന് ഉച്ചയ്ക്ക്ശേഷമാണ് പൊളിക്കുക.

പൊളിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുകഴിഞ്ഞവെന്ന് സീനിയർ ട്രാഫിക് പൊലീസ് ഓഫീസർ ഗണേഷ് സാഹ എൻഡിടിവിയോട് പറഞ്ഞു. പ്ലാൻ അനുസരിച്ച് മുന്നോട്ട് പോകുന്നു. മാധ്യമപ്രവർത്തകർക്കും സമീപ പ്രദേശത്തെ താമസക്കാർക്കും പാർക്കിംഗ് ഏരിയകൾ നീക്കിവച്ചിട്ടുണ്ട്. ടവറുകൾക്ക് സമീപമുള്ള ഗതാഗതം രാവിലെ 7 മണി മുതൽ തിരിച്ചുവിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്സ്പ്രസ് വേ കൂടുതൽ സമയം അടച്ചിടേണ്ടി വരുമോ എന്നത് കെട്ടിടം പൊളിച്ചശേഷമുള്ള സാഹചര്യം അനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ ട്രാഫിക് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പത്ത് ആശുപത്രികൾ തയാറാക്കി നിർത്തിയിട്ടുണ്ട്. ആരെയെങ്കിലും പ്രദേശത്ത് നിന്ന് പെട്ടെന്ന് മാറ്റേണ്ടതുണ്ടെങ്കിൽ ഹരിത ഇടനാഴിയും തയ്യാറാണ്. ഇത്തരമൊരു സാഹചര്യം നേരിടാൻ പൊലീസ് ഉദ്യോഗസ്ഥർക്കായി ഡ്രൈ റൺ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായി. നോയിഡ അതോറിറ്റിയുമായും റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായും ഏകോപനത്തിലാണ് അത് നടത്തിയത്.

എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നിലവിലുണ്ട്. ഇത് കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന് അത്തരം പൊളിക്കലുകളിൽ മുൻപരിചയവുമുണ്ട്. ആളുകൾ ഭയപ്പെടേണ്ടതില്ല. ഇത് സുഗമമായി പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള ഇരട്ട ഗോപുരങ്ങളാണ് ഇന്ന് പൊളിക്കുന്നത്. നിയമവിരുദ്ധമായി നിർമിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെട്ടിടങ്ങൾ പൊളിക്കാർ കോടതി ഉത്തരവായത്. കെട്ടിടങ്ങളിൽ 3,700 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് വൻ സ്‌ഫോടനം നടത്തുന്നത്.

Tags:    
News Summary - Noida Demolition: Expressway Shut, Green Corridor In Police Prep For Blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.