വിജയ് മല്യ (ഫയല്‍ ചിത്രം)

വായ്പാ കുടിശ്ശിക കേസ്: വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ്

മുംബൈ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി (ഐ.ഒ.ബി) ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്പാ കുടിശ്ശിക കേസില്‍ മദ്യവ്യവസായി വിജയ് മല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.പി നായിക് നിംബാല്‍ക്കറുടേതാണ് ഉത്തരവ്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലെടുത്ത വായ്പ തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തുകയും ബാങ്കിന് 180 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്.

2007നും 2012നും ഇടയില്‍ ഐ.ഒ.ബിയില്‍നിന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് നേടിയ വായ്പ വകമാറ്റിയെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് വാറന്റ്. കുറ്റപത്രം പരിഗണിച്ച് സി.ബി.ഐ കോടതി മല്യക്കും കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കും സമന്‍സ് അയച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒളിവില്‍പോയ മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ലണ്ടനില്‍ കഴിയുന്ന മല്യയെ വിട്ടുകിട്ടാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പി.എം.എല്‍.എ) പ്രകാരം പ്രത്യേക കോടതി 2019 ജനുവരിയിലാണ് വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. വായ്പ തിരിച്ചടക്കുന്നതില്‍ പല തവണ വീഴ്ച വരുത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും പല കേസുകളിലായി പ്രതി ചേര്‍ക്കപ്പെട്ട മല്യ, 2016 മാര്‍ച്ചിലാണ് ഇന്ത്യ വിട്ടത്.

Tags:    
News Summary - Non-Bailable Warrant Against Vijay Mallya In 180-Crore Loan Default Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.