ഗുവാഹതി: മതത്തിെൻറ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കുന്നതെന്ന് കടുത്ത ആശങ്ക ഉയർത്തുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നു. ബിൽ ലോക്സഭ കടന്നതിനു പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പ്രക്ഷോഭ കൊടുങ്കാറ്റിൽ ഉലയുകയാണ്. അസമിലും മറ്റ് വടക്ക് കിഴക്കൻ മേഖലകളിലും പലയിടത്തായി അക്രമങ്ങൾ അരങ്ങേറി. വിദ്യാർഥി യൂനിയനുകളും ഇടത്-ജനാധിപത്യ കക്ഷികളുമാണ് പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ.
സമൂഹമാധ്യമങ്ങളിലും സർക്കാറിനെതിരെ പ്രതിഷേധം ശക്തമാണ്. കേരളത്തിൽ പലയിടത്തും ചെന്നൈ, ഭോപ്പാൽ തുടങ്ങിയ നഗരങ്ങളിലും ബില്ലിനെതിരെ പ്രതിഷേധ മാർച്ചുകൾ നടന്നു. ഡൽഹിയിൽ പൗരാവകാശ സംഘടനകളും വിദ്യാർഥി സംഘടനകളും നടത്തിയ പ്രതിഷേധത്തിനിടെ ബിൽ പകർപ്പ് കത്തിച്ചു. ജാമിഅ മില്ലിയ, അലീഗഢ് സർവകലാശാല കാമ്പസുകളിലും ബിൽ കത്തിച്ചു പ്രതിഷേധിച്ചു.അസമിലെ ബ്രഹ്മപുത്ര താഴ്വരയിൽ ബന്ദ് ജനജീവിതം സ്തംഭിപ്പിച്ചു. ‘ഓൾ അസം സ്റ്റുഡൻറ്സ് യൂനിയ’നും ‘നോർത്ത് ഈസ്റ്റ് സ്റ്റുഡൻറ്സ് ഓർഗനൈസേഷനു’മാണ് 11 മണിക്കൂർ ബന്ദിന് ആഹ്വാനം നൽകിയത്. ഗുവാഹതി ഉൾപ്പെടെ പലയിടങ്ങളിലും വലിയ പ്രതിഷേധ ജാഥകൾ നടന്നു. സമരക്കാർ ട്രാക്കുകളിൽ ഇരുന്നതോടെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.
അസം, അരുണാചൽ പ്രദേശ്, മേഘാലയ, മിസോറം, ത്രിപുര എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പുലർച്ച അഞ്ചുമുതൽ വൈകീട്ട് നാലു വരെ ബന്ദ് നടന്നത്. ‘ഹോൺബിൽ ആഘോഷം’ പരിഗണിച്ച് നാഗാലാൻഡിനെ ബന്ദിൽനിന്ന് ഒഴിവാക്കിയിരുന്നു. അഭയാർഥികൾക്ക് പൗരത്വം നൽകുന്നത് തങ്ങളുടെ സ്വത്വത്തെയും ജീവിതമാർഗത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വടക്കു കിഴക്കൻ മേഖലകളിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ ആശങ്ക. പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ ത്രിപുരയിൽ ഇൻറർനെറ്റ് സേവനം 48 മണിക്കൂർ നേരത്തേക്ക് തടഞ്ഞു. മൊബൈൽ എസ്.എം.എസിനും വിലക്കുണ്ട്.
അസമിലെ ദിബ്രുഗഢ് ജില്ലയിൽ ബന്ദനുകൂലികൾ സി.ഐ.എസ്.എഫ് ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പ്രക്ഷോഭകർക്കു പരിക്കുപറ്റി. ത്രിപുരയിലെ ധലായ് ജില്ലയിൽ പ്രക്ഷോഭകാരികൾ കടകൾക്ക് തീയിട്ടു. ഇവിടത്തെ മിക്ക കടകളുടെയും ഉടമകൾ തദ്ദേശീയരല്ല. ത്രിപുരയിലും അരുണാചലിലും മണിപ്പൂരിലും മിക്കയിടത്തും ജനജീവിതം സ്തംഭിച്ചു. ‘ഓൾ മണിപ്പുർ സ്റ്റുഡൻറ്സ് യൂനിയൻ’ നേതൃത്വത്തിൽ പുലർച്ച മൂന്നു മുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ് നടത്തിയത്. മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. പൊലീസിനുനേരെ സമരക്കാർ നാടൻ ബോംബെറിഞ്ഞു. ബന്ദിെൻറ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ മേഖലയിലെ പരീക്ഷകൾ മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.