ബംഗളൂരു: ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മലികിനെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിച്ചത് കൊണ്ടല്ല അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്ന് അമിത് ഷാ പറഞ്ഞു. നേരത്തെ ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മലികിനെ ചോദ്യം ചെയ്യാനായി സി.ബി.ഐ മൂന്നാമതും വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.
തനിക്ക് ലഭിച്ച വിവരമനുസരിച്ച് രണ്ടാം തവണയോ മൂന്നാം തവണയോയാണ് സത്യപാൽ മലികിനെ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അന്വേഷണത്തിനിടെ പുതിയ വിവരങ്ങളോ തെളിവുകളോ കിട്ടിയതിനാലാവും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഞങ്ങൾക്കെതിരെ സംസാരിച്ചതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്നതിന് യാതൊരു തെളിവുമില്ലെന്നും അമിത് ഷാ പറഞ്ഞു.
ജമ്മുകശ്മീർ മുൻ ഗവർണറുടെ ആരോപണങ്ങളിലും അദ്ദേഹം പ്രതികരണം നടത്തി. എന്തുകൊണ്ടാണ് അധികാരത്തിലിരുന്നപ്പോൾ സത്യപാൽ മലികിന്റെ ആത്മാവ് ഉണരാതിരുന്നത്. ഇത്തരം ആരോപണങ്ങളുടെ വിശ്വാസ്യത ജനങ്ങളും മാധ്യമപ്രവർത്തകരും കാണുന്നുണ്ട്. ഇതെല്ലാം സത്യമായിരുന്നെങ്കിൽ ഗവർണറായിരുന്നപ്പോൾ അദ്ദേഹം മിണ്ടാതിരുന്നത് എന്തുകൊണ്ടാണ്. ഇതൊന്നും പൊതുചർച്ചയാക്കണ്ട വിഷയമല്ല. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ മറച്ചുവെക്കേണ്ട ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. ഞങ്ങളെ വിട്ട് പോയതിന് ശേഷം രാഷ്ട്രീയ-വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടിയാണ് ചിലർ ആരോപണങ്ങൾ ഉയർത്തുന്നതെങ്കിൽ മാധ്യമങ്ങളും ജനങ്ങളും അത് വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയത്തിൽ ചിലപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും. ആരുടെയെങ്കിലും മനോഭാവം ഇടക്കിടക്ക് മാറിക്കൊണ്ടിരുന്നാൽ എന്ത് ചെയ്യാൻ പറ്റും. ഇക്കാര്യങ്ങൾ ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൻഷുറൻസ് കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ മൊഴിയെടുക്കുന്നതിന് ഹാജരാകാൻ സി.ബി.ഐ ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന് നോട്ടീസ് അയച്ചിരുന്നു. റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സാക്ഷിയായാണ് മാലിക്കിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ കഴിഞ്ഞ വർഷവും സി.ബി.ഐ ഇദ്ദേഹത്തിൽനിന്ന് മൊഴിയെടുത്തിരുന്നു.
2018ൽ ജമ്മു-കശ്മീർ ഗവർണറായിരിക്കേ, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായുള്ള കരാർ അഴിമതി ചൂണ്ടിക്കാട്ടി മാലിക് റദ്ദാക്കിയിരുന്നു. 3.5 ലക്ഷം സർക്കാർ ജീവനക്കാർക്കുവേണ്ടി 2018 സെപ്റ്റംബറിലാണ് ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. ഒരുമാസത്തിനകം മാലിക് കരാർ റദ്ദാക്കുകയും ചെയ്തു. തെറ്റായ രീതിയിലാണ് കരാർ നൽകിയതെന്ന് പരിശോധനയിൽ വ്യക്തമായതായും അതേത്തുടർന്ന് കരാർ റദ്ദാക്കുകയായിരുന്നുവെന്നും മാലിക് മുമ്പ് പറഞ്ഞിരുന്നു. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി നടപ്പാക്കിയ പദ്ധതിയിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.