ബംഗളൂരു: കർണാടക നേതൃമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പ് തന്‍റെതല്ലെന്ന വിശദീകരണവുമായി ബി.ജെ.പി നേതാവ് നളിൻ കുമാർ കതീൽ.
വ്യാജ ഓഡിയോയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 47 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിൽ, കതീൽ ആരോടോ, പറയുന്ന രീതിയിലാണ് ശബ്ദരേഖ. "നേതൃത്വത്തിൽ കൃത്യമായ മാറ്റമുണ്ടാകാൻ പോകുന്നു, തികച്ചും പുതിയൊരു ടീം നിലവിൽ വരും.പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനം ദില്ലി നേതൃത്വം ഏറ്റെടുക്കു" മെന്ന് പ്രാദേശിക ഭാഷയിൽ സംസാരിക്കുന്ന ശബ്ദത്തിൽ പറയുന്നു. എന്നാൽ, ഈ ഓഡിയോ തന്‍റെതല്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് കതീൽ പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെട്ട് ഞാൻ മുഖ്യമന്ത്രിക്ക് ഒരു കത്ത് എഴുതുകയാണ്, സത്യം പുറത്തുവരട്ടെ. ഇത്തരം നിരവധി സംഭവങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . സത്യം വിജയിക്കും. നേതൃത്വമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പ തർക്കമില്ലാത്ത നേതാവാണ്, അദ്ദേഹം ബിജെപിയുടെ ആത്മാവാണ്. ആദ്യം മുതൽ തന്നെ ബിജെപിയെ ഉയർന്ന തലത്തിലേക്ക് കൊണ്ടുവന്ന വ്യക്തിയാണ് അദ്ദേഹമെന്നും കതീൽ പറഞ്ഞു. അടുത്തിടെയായി കർണാടകയിലെ നേതൃമാറ്റം ബി.ജെ.പിക്കകത്ത് സജീവചർച്ചയാണ്. ഈ സാഹചര്യത്തിലാണ് ഓഡിയോ ക്ലിപ്പ് ചർച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.