ന്യൂഡൽഹി: രാജ്യത്തെ നിയമവ്യവസ്ഥക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ യതി നരസിംഹാനന്ദിനെതിരെ സമർപ്പിച്ച കോടതീയലക്ഷ്യ ഹരജിയിൽ നോട്ടീസയച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്.
"ഇന്ത്യയിലെ സുപ്രീം കോടതിയിൽ വിശ്വസിക്കുന്നവർ പട്ടിയെപ്പോലെ മരിക്കും" എന്നായിരുന്നു നരസിംഹാനന്ദിന്‍റെ പരാമർശം. 2022 ജനുവരിയിൽ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗാസിയാബാദിലെ ദസ്നാ ദേവി ക്ഷേത്രത്തിലെ പൂജാരിയായ നരസിംഹാനന്ദിന്‍റെ പരാമർശം രാജ്യത്തെ ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവർത്തക ഷാച്ചി നെല്ലി കോടതിയെ സമീപിക്കുകയായിരുന്നു. നരസിംഹാനന്ദയുടെ പരാമർശത്തെ അന്ന് അദ്ദേഹത്തിന്‍റെ അനുയായികൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഒരുപാട് പേരെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു വ്യക്തി നടത്തുന്ന ഇത്തരം പരാമർശങ്ങൾ തടയേണ്ടത് അനിവാര്യമാണെന്നും കോടതിയെ അവഹേളിച്ചതിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി.
2021 ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ഒരു പരിപാടിക്കിടെ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസിന്റെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. ഈ വിഷയവും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് നിയമവ്യവസ്ഥയെ അവഹേളിക്കുന്ന പരാമർശവുമായി നരസിംഹാനന്ദ രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.