ന്യൂഡൽഹി: സി.ബി.െഎ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനക്കെതിരായ അഴിമതി കേസന്വേഷ ണം അട്ടിമറിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്രമന്ത്രി ഹരിഭായ് പാർഥിഭായ് ചൗധരിയും ഇടപെട്ടുവെന്ന് സി.ബി.െഎ അന്വേഷണ ഉദ്യോഗസ്ഥെൻറ വെളിപ്പെടുത്തൽ.
കേസന്വേഷണത്തിനിടയിൽ നാഗ്പൂരിലേക്ക് തന്നെ സ്ഥലം മാറ്റിയതിനെതിരെ സി.ബി.െഎ ജോയൻറ് ഡയറക്ടർ മനീഷ്കുമാർ സിൻഹ സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് ഇൗ വെളിപ്പെടുത്തൽ. അന്വേഷണത്തിെൻറ ഭാഗമായി അസ്താനയുടെ വസതി റെയ്ഡ് ചെയ്യാനുള്ള നീക്കം അജിത് ഡോവൽ തടഞ്ഞുവെന്നും കേന്ദ്രമന്ത്രി ഹരിഭായ് ചൗധരി കോടികൾ കോഴവാങ്ങിയെന്നും ഹരജിയിൽ വിശദീകരിച്ചു. ഹരജി പിന്നീട് പരിഗണിക്കാൻ കോടതി മാറ്റിവെച്ചിരിക്കുകയാണ്.
വ്യവസായികളായ മുഇൗൻ ഖുറൈശി, സതീഷ് സന എന്നിവർ കൂട്ടുപ്രതികളായ കള്ളപ്പണ കേസ് ഒതുക്കുന്നതിന് അസ്താന മൂന്നു കോടി രൂപ കോഴ വാങ്ങിയെന്ന കേസിലാണ് സി.ബി.െഎ ഡയറക്ടർ അലോക് വർമയുടെ നിർദേശ പ്രകാരം അന്വേഷണം നടന്നത്. അസ്താനയുടെ വിശ്വസ്തനായ ഡി.വൈ.എസ്.പി ദേവേന്ദർ കുമാർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും ഗുജറാത്ത് എം.പിയുമായ ഹരിഭായ് ചൗധരി കേന്ദ്ര കൽക്കരി-ഖനിവകുപ്പ് മന്ത്രിയാണ്. സി.ബി.െഎയിലെ ഉന്നതർ തമ്മിലുള്ള പോരിനിടയിൽ അസ്താന അറസ്റ്റു ചെയ്യുമെന്നായപ്പോൾ സി.ബി.െഎ ഡയറക്ടർ അലോക് വർമക്ക് നിർബന്ധിത അവധി നൽകി ചുമതലയിൽനിന്ന് മാറ്റിനിർത്തിയ പാതിരാ നടപടികൾക്ക് നേതൃത്വം നൽകിയത് അജിത് ഡോവലാണ്.
മനീഷ്കുമാർ സിൻഹ അടക്കം, അസ്താനക്കെതിരെ അന്വേഷണം നടത്തിവന്ന ടീമിലെ ഒമ്പതു പേരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയിരുന്നു. പ്രധാനമന്ത്രിയുടെ ഒാഫിസ് സി.ബിെഎ വിഷയം കൈകാര്യം ചെയ്തതായി ‘റോ’ ഒാഫിസർ സാമന്ത് ഗോയൽ മറ്റൊരാളെ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നെന്നും മനീഷ്കുമാർ ഹരജിയിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഒാഫിസാണ് അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ നിർദേശിച്ചത്്.
അസ്താനയുടെ വസതിയിലെ റെയ്ഡ് മാത്രമല്ല തടഞ്ഞത് അസ്താനയുടെ സെൽ ഫോൺ പിടിച്ചെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എ.കെ ബസി അനുമതി ചോദിച്ച ഘട്ടത്തിലും ഡോവൽ ഇടപെട്ടു തടഞ്ഞു. അറസ്റ്റിലായ ഡിവൈ.എസ്.പിയുടെ വസതിയിൽ റെയ്ഡ് നടത്തുന്നതും തടഞ്ഞു. വ്യവസായി സതീഷ് സനയിൽനിന്ന് കോഴ പറ്റിയ കേന്ദ്രമന്ത്രി ഹരിഭായ്, പഴ്സനൽകാര്യ മന്ത്രാലയം മുഖേന കേസിൽ ഇടപെട്ടു.
വജ്രരാജാവ് നീരവ് മോദി ഉൾപ്പെട്ട ബാങ്ക് വായ്പാ ക്രമക്കേട് കേസ് അനേഷണച്ചുമതല വഹിച്ച ഉദ്യോഗസ്ഥൻ കൂടിയാണ് മനീഷ്കുമാർ സിൻഹ. ഹരജിക്കൊപ്പം താൻ സമർപ്പിച്ച രേഖകൾ കോടതിയെത്തന്നെ ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം വാദിച്ചു. എന്നാൽ, അടിയന്തരമായി കേസ് പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോടതിയെ ഒന്നും ഞെട്ടിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കൂട്ടിച്ചേർത്തു. തുടർന്നാണ് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.