representational image

മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണം; രാഷ്ട്രപതിക്ക്​ പ്രമുഖരുടെ നിവേദനം

ന്യൂഡൽഹി: രാജ്യത്ത്​ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കണമെന്ന്​ പ്രമുഖ എഴുത്തുകാരും മനുഷ്യാവകാശ-സാമൂഹിക പ്രവർത്തകരും അടങ്ങിയ നാഷനൽ സോളിഡാരിറ്റി ഫോറം (എൻ.എസ്​.എഫ്​) ആവശ്യപ്പെട്ടു. ഈ നിയമം ഭരണഘടന തത്ത്വങ്ങളുടെ ലംഘനവും മതേതര പാരമ്പര്യത്തെ തകർക്കുന്നതും മനുഷ്യാവകാശ ലംഘനവുമാണെന്ന്​ രാഷ്​ട്രപതിക്ക്​ സമർപ്പിക്കുന്ന നിവേദനത്തിൽ സംഘടന ചൂണ്ടിക്കാട്ടി.

മതേതര-ജനാധിപത്യ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ ഈ നിയമത്തിന്‍റെ പ്രയോഗം ഞെട്ടലുളവാക്കുന്നു. 1967ൽ ആർ. എസ്​.​ എസിന്‍റേയും ​ഹിന്ദു മഹാസഭയുടേയും സമ്മർദ ഫലമായി ഒഡിഷയിലാണ്​ ആദ്യ മതപരിവർത്തന നിരോധന നിയമം നടപ്പായത്​. തുടർന്ന്​ മധ്യപ്രദേശ്​, ഛത്തിസ്​ഗഢ്​, ഝാർഖണ്ഡ്​, ഗുജറാത്ത്​, രാജസ്ഥാൻ, ഉത്തരാഖണ്ഡ്​, ഹിമാചൽ പ്രദേശ്​, അരുണാചൽ പ്രദേശ്​ എന്നിവിടങ്ങളിലും പ്രാബല്യത്തിലായി. തമിഴ്​നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ നിയമം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടർന്ന്​ പിൻവലിക്കേണ്ടി വന്നു. ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ, നിയമസഭ പാസാക്കിയ നിയമം ഉപരിസഭയും കൂടി കടന്നാൽ അവിടെയും നിയമമാകും. ഈ മാസം 14നാണ്​ ബിൽ ഉപരിസഭയിൽ വെക്കുന്നത്​. അതിന്​ മുമ്പ് നിയമത്തിനെതിരെ ശക്​തമായ പ്രതിഷേധം ഉയർന്നുവരണമെന്ന്​ സംഘടന അഭ്യർഥിച്ചു.

നാവികസേന മുൻ മേധാവി അഡ്​മിറൽ എൽ. രാംദാസ്​, ചലച്ചിത്ര സംവിധായകൻ ആനന്ദ്​ പട്​വർധൻ, നാഷനൽ ഫെഡറേഷൻ ഓഫ്​ ഇന്ത്യൻ വിമൻ പ്രതിനിധി ആനി രാജ, എൻ.എസ്​.എഫ്​ സ്ഥാപകാംഗം ഡോ. ജോൺ ദയാൽ, കൺവീനർ രാം പുനിയാനി, കോ കൺവീനർ കെ.പി. ശശി, സാമൂഹിക പ്രവർത്തകൻ ഹർഷ്​ മാന്ദർ, കവി കെ. സച്ചിദാനന്ദൻ, എ.ഐ.പി.ഡബ്ല്യു.എയുടെ കവിത കൃഷ്ണൻ, നർത്തകി മല്ലിക സാരാഭായ്, ന്യൂക്ലിയർ ആക്ടിവിസ്റ്റ്​ ലളിത രാംദാസ്​, മുൻ മന്ത്രി മണി ശങ്കർ അയ്യർ, നർമദ ബചാവോ ആന്ദോളൻ നേതാവ് മേധ പട്​കർ, എഴുത്തുകാരൻ കാഞ്ച ഐലയ്യ, അൻഹദ്​ പ്രതിനിധി ശബ്​നം ഹാശ്മി, സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് തുടങ്ങി 40 ഓളം പ്രമുഖരാണ്​ നിവേദനത്തിൽ ഒപ്പുവെച്ചിരിക്കുന്നത്​.​

Tags:    
News Summary - nsf urges to withdraw anti conversion law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.