എന്‍.എസ്.ജി: ഇന്ത്യ അകത്തേക്കെന്ന് സൂചന; പാകിസ്താന്‍ പുറത്തുതന്നെ

ന്യൂഡല്‍ഹി: ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍.എസ്.ജി) അംഗത്വമെന്ന ഇന്ത്യയുടെ ഏറെക്കാലമായുള്ള ആഗ്രഹം സഫലമാകുന്നു. നിലവില്‍ എന്‍.എസ്.ജിയുടെ ആക്ടിങ് ചെയര്‍മാന്‍ പദവി വഹിക്കുന്ന റഫേല്‍ മരിയാനോ ഗ്രോസി തയാറാക്കിയ രണ്ടുപേജ് വരുന്ന കരട് റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ അംഗത്വത്തെ സ്വാഗതം ചെയ്യുന്നത്. എന്‍.എസ്.ജിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ ഗ്രോസി, നിലവിലെ ചെയര്‍മാന്‍ ദക്ഷിണ കൊറിയയിലെ സോങ് യുങ്വാന് പകരമാണ് ആ പദവി വഹിക്കുന്നത്. അതിനാല്‍ ഗ്രോസിയുടെ റിപ്പോര്‍ട്ടിന് അര്‍ധ ഒൗദ്യോഗിക സ്വഭാവമുണ്ടെന്ന് പാകിസ്താനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവെക്കാത്ത ഇന്ത്യക്കും പാകിസ്താനും എങ്ങനെ എന്‍.എസ്.ജി അംഗമാകാന്‍ കഴിയുമെന്ന് ഗ്രോസിയുടെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നതായി വാഷിങ്ടണിലെ ആയുധ നിയന്ത്രണ അസോസിയേഷനെ (എ.സി.എ) ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.പി.ടിയില്‍ ഒപ്പുവെക്കാന്‍ തയാറാകാത്തതാണ് ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് ഇതുവരെ തടസ്സമായിരുന്നത്.

ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം ലഭിക്കുമ്പോള്‍ പാകിസ്താന്‍ അടക്കം എന്‍.പി.ടി അംഗമല്ലാത്ത രാജ്യങ്ങള്‍ ഏകോപനത്തില്‍ എത്തണമെന്നും മറ്റ് രാജ്യങ്ങളുടെ എന്‍.എസ്.ജി അപേക്ഷയെ എന്‍.പി.ടി അംഗമാകണമെന്ന കാരണം പറഞ്ഞ് നിഷേധിക്കരുതെന്നും ഗ്രോസി വ്യവസ്ഥ ചെയ്യുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം ഗ്രോസിയുടെ ഫോര്‍മുല എതിര്‍ക്കാന്‍ പാകിസ്താന് ഇപ്പോഴും കഴിയുമെന്ന് എ.സി.എ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡാറിള്‍ കിംബോള്‍ പറഞ്ഞു. ഇന്ത്യക്ക് അംഗത്വമാകാമെങ്കില്‍ അതേ വ്യവസ്ഥവെച്ച് തങ്ങള്‍ക്കും അംഗമാകാമെന്ന  വാദം പാകിസ്താന് ഉന്നയിക്കാം. അതോടൊപ്പം ഇന്ത്യ നേരത്തേ മുതല്‍ എന്‍.എസ്.ജി രാജ്യങ്ങളുമായി ആണവ ഉപകരണ ഇടപാടുകള്‍ നടത്തുന്നു എന്നാണെങ്കില്‍ എന്‍.എസ്.ജിയില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി പാകിസ്താനും അത് ചെയ്യാമെന്നും കിംബാള്‍ ചൂണ്ടിക്കാണിക്കുന്നു.

48 അംഗരാഷ്ട്രങ്ങളുള്ള എന്‍.എസ്.ജിയില്‍ മുഴുവന്‍ പേരുടെയും പിന്തുണയുണ്ടെങ്കിലേ മറ്റൊരു രാജ്യത്തിന് അംഗത്വം ലഭിക്കൂ എന്നാണ് വ്യവസ്ഥ. അമേരിക്കയടക്കം എന്‍.എസ്.ജിയിലെ ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വത്തെ പിന്തുണക്കുമ്പോള്‍ ചൈനയും മറ്റ് അരഡസന്‍ വരുന്ന രാജ്യങ്ങളുമാണ് ഇതിനെ എതിര്‍ത്തുപോരുന്നത്. കഴിഞ്ഞവര്‍ഷമാണ് ഇന്ത്യ അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, അതിനുമുമ്പേ ഇതിനായുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്‍.എസ്.ജി അംഗരാഷ്ട്രങ്ങളുമായി ആണവ ഉപകരണങ്ങളുടെ കൈമാറ്റത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങള്‍.  ജൂണില്‍ ദക്ഷിണ സോളില്‍ ചേര്‍ന്ന എന്‍.എസ്.ജിയുടെ അവസാന പ്ളീനറിയില്‍ ഇന്ത്യയുടെ അംഗത്വം പരിഗണനക്കുവന്നെങ്കിലും തീരുമാനമാകാതെ സമ്മേളനം പിരിയുകയായിരുന്നു.

Tags:    
News Summary - nsg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.