ന്യൂഡൽഹി: 2014നു ശേഷം വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ വർധിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ . 2014ൽ ആറ് കോടിയായിരുന്നു വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം. ഇപ്പോഴത് 14.5 കോടിയായി മാറിയെന്നും സിന്ധ്യ ലോക്സഭയിൽ പറഞ്ഞു. ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ വിമാന നിരക്ക് വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സിവിൽ ഏവിയേഷൻ മേഖല നിയന്ത്രണമില്ലാത്ത മേഖലയാണെന്നും കോവിഡ് വന്നിട്ടും ജെറ്റ് ഇന്ധന വില വർധനയും ഉണ്ടായിട്ടും വിമാന നിരക്കുകൾ അതേ അനുപാതത്തിൽ വർധിപ്പിച്ചിട്ടില്ലെന്നും സിന്ധ്യ പറഞ്ഞു. 2014ൽ ആറ് കോടി യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇത് 14.5 കോടിയായി ഉയർന്നു. ഇന്ത്യൻ റെയിൽവേയുടെ എ.സി ഫസ്റ്റ് ക്ലാസ് നിരക്കുമായി മത്സരിക്കുന്നതാണ് ഇന്നത്തെ വിമാനക്കൂലിയെന്ന് അദ്ദേഹം പറഞ്ഞു.
2030 ഓടെ 42 കോടി വിമാന യാത്രക്കാർ ഉണ്ടാകുമെന്നും ഈ മേഖല മൂന്നിരട്ടി വളർച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിവിൽ ഏവിയേഷൻ ഒരു സീസണൽ മേഖലയാണ്. 60 റൂട്ടുകൾ ക്രമരഹിതമായി നോക്കുന്ന ഒരു താരിഫ് മോണിറ്ററിംഗ് യൂനിറ്റ് ഞങ്ങളുടെ പക്കലുണ്ട്. നിങ്ങൾ മുൻകൂട്ടി ബുക്കിങ് നടത്തിയാൽ നിരക്ക് ഉയർന്നതായിരിക്കില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിമാനക്കമ്പനികൾ 55,000 കോടി രൂപ മുതൽ 1,30,000 കോടി രൂപ വരെ നഷ്ടമുണ്ടാക്കി. കോവിഡ് വിമാനക്കമ്പനികളുടെ സാമ്പത്തിക ഭദ്രത നശിപ്പിച്ചു.-ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.