റായ്പുർ/ഭോപാൽ: ഛത്തിസ്ഗഢിൽ വിഷ്ണുദേവ് സായിയുടെ നേതൃത്വത്തിലും മധ്യപ്രദേശിൽ മോഹൻ യാദവിന്റെയും നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറുകൾ ബുധനാഴ്ച അധികാരമേൽക്കും.
ഛത്തിസ്ഗഢിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ, മുതിർന്ന നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ചരിത്ര സംഭവമാകുമെന്ന് ബി.ജെ.പി അധ്യക്ഷൻ അരുൺ സാവോ പറഞ്ഞു. ഗോത്രവർഗ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വിഷ്ണു വേദ് സായിയെ ഞായറാഴ്ചയാണ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. അതേസമയം, മന്ത്രിസഭയിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും അഭ്യൂഹമുണ്ട്. സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ വിവരങ്ങൾ യഥാസമയം പുറത്തുവിടുമെന്നാണ് അരുൺ സാവോ പറഞ്ഞത്. റായ്പുരിലെ സയൻസ് കോളജ് ഗ്രൗണ്ടിൽ ഉച്ചക്ക് രണ്ടിനാണ് സത്യപ്രതിജ്ഞ.
ബ്രിജ് മോഹൻ അഗർവാൾ, അമർ അഗർവാൾ (പൊതുവിഭാഗം), ധരംലാൽ കൗശിക്, അജയ് ചന്ദ്രാകർ (ഒ.ബി.സി), കേദാർ കശ്യപ്, വിക്രം ഉസേന്ദി, രാംവിചാർ നേതം (പട്ടിക വർഗം), പുന്നുലാൽ മൊഹിലെ, ദയാൽദാസ് ബാഘേൽ (പട്ടികജാതി), രാജേഷ് മുനാത് (ജെയിൻ സമുദായം) എന്നിവർ മന്ത്രിമാരാകുമെന്നാണ് സൂചന.
തികഞ്ഞ ഹിന്ദുത്വ വാദിയും ഒ.ബി.സി നേതാവുമായ മോഹൻ യാദവിനെ കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാർട്ടി തെരഞ്ഞെടുത്തത്. ഭോപാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ പങ്കെടുക്കും.
അതേസമയം, പാർട്ടിയിൽനിന്ന് തനിക്കുവേണ്ടി എന്തെങ്കിലും ചോദിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും നിർവഹിക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ ചൗഹാനെ വസതിയിൽ സന്ദർശിച്ച ഒരുകൂട്ടം സ്ത്രീകൾ പൊട്ടിക്കരയുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.